ന്യൂഡൽഹി: ഫരീദാബാദിൽ ഒരു കോടി ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിച്ച അമൃത ആശുപത്രിയുടെ ഉദ്ഘാടനം 24ന് രാവിലെ 10.40ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. പൂർണ്ണമായി പ്രവർത്തന സജ്ജമായാൽ 2,400 കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാകുമെന്ന് റസിഡന്റ് മെഡിക്കൽ ഡയറക്ടർ ഡോ.സഞ്ജീവ് കെ. സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് 19ന് നടക്കുന്ന ഹോമത്തിന് 80 വനിതകളുൾപ്പെടെ 108 പുരോഹിതർ കാർമ്മികത്വം വഹിക്കും. ഉദ്ഘാടനച്ചടങ്ങിൽ ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, മാതാ അമൃതാനന്ദമയി എന്നിവർ പങ്കെടുക്കും.
ഡൽഹി-ഹരിയാന അതിർത്തിയിൽ ഫരീദാബാദ് സെക്ടർ 88 ൽ സ്ഥിതിചെയ്യുന്ന ആശുപത്രി പൂർണ്ണ സജ്ജമായാൽ 800ലേറെ ഡോക്ടർമാരും 10,000ലധികം ജീവനക്കാരുമുണ്ടാകും. ആദ്യ ഘട്ടത്തിൽ 500 കിടക്കകളാകും സജ്ജമാവുക. 133 ഏക്കറിൽ 14 നില ടവറുകളുള്ള ആശുപത്രിയുടെ ഓരോ ടവറിനും 11 ഏക്കർ വിസ്തൃതിയുണ്ട്.
ഓരോ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും പ്രത്യേക ശിശുരോഗ വിഭാഗവുമുണ്ടെന്നത് അമൃത ആശുപത്രിയുടെ മാത്രം പ്രത്യേകതയാണെന്ന് ഡോ. സഞ്ജീവ് കെ. സിംഗ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിയും ഇതാകും. കാർഡിയാക് സയൻസ്, ന്യൂറോ സയൻസ് (അപസ്മാര ചികിത്സയ്ക്ക് പ്രത്യേക അത്യാധുനിക സെന്റർ), ഗ്യാസ്ട്രോ സയൻസ് (പ്രത്യേക കരൾ രോഗ നിർണ്ണയ സെന്റർ), റീനൽ സയൻസ്, ഓങ്കോളജി, അസ്ഥിരോഗ വിഭാഗം, അവയവം മാറ്റിവയ്ക്കൽ വിഭാഗം, റോബോട്ടിക് സർജറി വിഭാഗം തുടങ്ങി 81 സ്പെഷ്യാലിറ്റി വിഭാഗങ്ങളും 8 സെന്റർ ഒഫ് എക്സലൻസും ഇവിടെയുണ്ട്. പകർച്ചവ്യാധികൾ ചികിത്സിക്കാൻ പ്രത്യേക സജ്ജീകരണമുണ്ട്. 534 ക്രിട്ടിക്കൽ കെയർ ബെഡുകളും 64 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും 9 കാത്ത് ലാബുകളും 10 റേഡിയേഷൻ ഓങ്കോളജി ബങ്കറുകളും റോബോട്ടിക് ലാബുകളും സ്മാർട്ട് ക്ലിനിക്കൽ ലാബും ഫരീദാബാദ് അമൃത ആശുപത്രിയിലുണ്ടാകും.
ഏഴ് നിലകളിലായി മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ച് കിടക്കുന്ന ഗവേഷണ ബ്ലോക്കും ആശുപത്രിയുടെ ഭാഗമായി നിലവിൽ വരും. ഇന്ത്യയിലെ ഏറ്റവും വലിയ ഹരിത പദ്ധതികളിലൊന്നാണിതെന്ന് ഡോ. സഞ്ജീവ് കെ. സിംഗ് പറഞ്ഞു. വെബ്സൈറ്റ്: https://amritahospitals.org/fbd/