
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ വീണ്ടും ചോദ്യം ചെയ്‌തേക്കും. സോണിയയെ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറും രാഹുലിനെ പല ദിവസങ്ങളിലായി അമ്പതിലേറെ മണിക്കൂറും നേരത്തെ ഇ.ഡി ചോദ്യം ചെയ്‌തിരുന്നു.
നാഷണൽ ഹെറാൾഡ് ഒാഫീസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ ചില ഹവാല ഇടപാട് വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിരുന്നു. 2016ൽ നാഷണൽ ഹെറാൾഡ് കേസ് വിചാരണ നിറുത്തിവയ്‌ക്കണമെന്ന കോൺഗ്രസ് നേതാക്കളുടെ ഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ചില കടലാസ് കമ്പനികളിൽ നിന്ന് യംഗ് ഇന്ത്യൻ, നാഷണൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് (എ.ജെ.എൽ) എന്നിവയിലേക്ക് ഫണ്ടുകൾ വന്നു. നേരത്തെ കൊൽക്കത്ത കേന്ദ്രമാക്കി രജിസ്റ്റർ ചെയ്‌ത ഡോട്ടക്‌സ് മെർക്കൻഡൈസ് എന്ന കടലാസ് കമ്പനി വഴി യംഗ് ഇന്ത്യൻ കമ്പനിക്ക് ലഭിച്ച ഒരു കോടി രൂപയ്‌ക്ക് പുറമെയാണിതെന്നും ഇ.ഡി പറയുന്നു. ഈ ഒരു കോടി രൂപയിൽ നിന്നാണ് എ.ജെ.എൽ ഏറ്റെടുക്കാൻ 50 ലക്ഷം രൂപ ചെലവഴിച്ചതെന്നാണ് ഇ.ഡിയുടെ നിഗമനം.
അന്തരിച്ച എ.ഐ.സി.സി മുൻ ട്രഷറർ മോത്തിലാൽ വോറയാണ് സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്‌തതെന്നും തങ്ങൾക്ക് കണക്കുകൾ അറിയില്ലെന്നുമാണ് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നും അറിയുന്നു.