
ന്യൂഡൽഹി: ശിക്ഷാ കാലാവധിയുടെ ഗണ്യമായ കാലം അനുഭവിച്ച് തീർത്തവരെയും ദീർഘകാലമായി തടവിൽ കഴിയുന്ന വിചാരണത്തടവുകാരെയും രാജ്യം 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി മോചിപ്പിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ദീർഘകാലമായി തെളിയിക്കാൻ കഴിയാത്ത കേസുകളിൽ തടവുകാരെ ജാമ്യത്തിൽ വിടണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
നിറഞ്ഞ ജയിലുകളിൽ നിന്ന് തടവുകാരെ മോചിപ്പിക്കാനുള്ള സുവർണ്ണാവസരമാണിത്. ചെറിയ കുറ്റങ്ങൾക്ക് ആദ്യമായി ശിക്ഷിക്കപ്പെട്ടവരെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കാം. അതുപോലെ, മൂന്നിലൊന്നോ അതിലധികമോ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം, വിചാരണയ്ക്ക് വിധേയനായ ആളെയും ജാമ്യത്തിൽ വിട്ടയക്കണം. വിചാരണ നീണ്ടുപോകുന്നതിന്റെ പേരിൽ ഒരാളെ കൂടുതൽ കാലം ജയിലിലടയ്ക്കുന്നത് ശരിയല്ല. വിചാരണത്തടവുകാരെയും ചില കുറ്റവാളികളെയും ഒരു നിശ്ചിത കാലയളവിനു ശേഷം നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ മോചിപ്പിക്കാൻ കഴിയുന്ന ഒരു നയം രൂപീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
10 വർഷത്തിനകം ഒരു കേസിൽ തീർപ്പുകൽപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകണം. കുറ്റം തെളിയിക്കാൻ കഴിയാത്തതിന്റെ പേരിൽ ആളുകളെ ജയിലിൽ അടയ്ക്കുകയോ ജാമ്യം എതിർക്കുകയോ ചെയ്യുന്നത് നല്ലതല്ല. അന്വേഷണസംവിധാനം മെച്ചപ്പെടുത്തുന്നതിന് പകരം കുറ്റാരോപിതനെ അകത്ത് കിടത്തുന്നത് പരിഹാരമാർഗമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.