
ന്യൂഡൽഹി: രാജ്യത്തിന്റെ 14-ാം ഉപരാഷ്‌ട്രപതിയായി എൻ.ഡി.എ സ്ഥാനാർത്ഥി ജഗ്‌ദീപ് ധൻകർ (71) തിരഞ്ഞെടുക്കപ്പെട്ടു. വോട്ടു ചെയ്‌ത 725 എം. പിമാരിൽ 528 പേരുടെ വോട്ടും ധൻകർ നേടി. സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടു മാത്രം. 15 വോട്ട് അസാധുവായി.
ആഗസ്റ്റ് 10ന് കാലാവധി തീരുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ പിൻഗാമിയായി 11ന് ധൻകർ സത്യപ്രതിജ്ഞ ചെയ്യും.
ആദിവാസി വിഭാഗത്തിലെ ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി ചരിത്രം കുറിച്ചതിന് പിന്നാലെ ഉപരാഷ്‌ട്രപതിയെയും വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ബി.ജെ.പി കരുത്ത് തെളിയിച്ചു.
പാർലമെന്റിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നീണ്ട വോട്ടെടുപ്പിൽ ഇലക്‌ടറൽ കോളേജ് അംഗങ്ങളായ രാജ്യസഭയിലെയും ലോക്‌സഭയിലെയും 780 എം. പിമാരിൽ 725പേരാണ് വോട്ടു ചെയ്തത് (92.4 %). 710 വോട്ട് സാധുവായി.മൊത്തം പോൾ ചെയ്‌തതിൽ 356 വോട്ടാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ഒന്നര മണിക്കൂറിൽ വോട്ടെണ്ണി വരണാധികാരിയായ ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്‌പൽ കുമാർ സിംഗ് ഫലം പ്രഖ്യാപിച്ചു.
ലോക്‌സഭയിൽ 303 അംഗങ്ങളും രാജ്യസഭയിൽ 91 അംഗങ്ങളുമുള്ള എൻ.ഡി.എയ്‌ക്ക് പുറമെ പ്രതിപക്ഷത്തു നിന്ന് വൈ.എസ്.ആർ കോൺഗ്രസ്, ടി.ഡി.പി, ബി.എസ്.പി, എ. ഡി.എം.കെ, ശിവസേന തുടങ്ങിയ പാർട്ടികളുടെ വോട്ടും ധൻകറിന് ലഭിച്ചു. മാർഗരറ്റ് ആൽവയ്‌ക്ക് കോൺഗ്രസ്, ഇടതു പാർട്ടികൾ, ആംആദ്‌മി, എൻ.സി.പി, ടി.ആർ.എസ്, ഡി.എം.കെ, ആർ.ജെ.ഡി, സമാജ്‌വാദി , മുസ്ളീം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്, ആർ.എൽ.ഡി തുടങ്ങിയ പാർട്ടികളുടെ വോട്ടാണ് ലഭിച്ചത്. ആൽവയ്‌ക്ക് ലഭിക്കേണ്ട ചില വോട്ടുകൾ അസാധുവായി.
34 തൃണമൂൽ എം.പിമാർ വിട്ടു നിന്നു. തൃണമൂൽ ബാനറിൽ ജയിച്ച ശേഷം ബി.ജെ.പിയിൽ ചേർന്ന ശിഷിർ അധികാരി, ദിബ്യേന്ദു അധികാരി എന്നിവർ വോട്ടു ചെയ്‌തു. ബംഗാളിലെ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരിയുടെ പിതാവാണ് ശിഷിർ. ആരോഗ്യകാരണങ്ങളാൽ ബി.ജെ.പി എം.പിമാരായ സണ്ണി ഡിയോളും സഞ്ജയ് ധോത്രെയും വോട്ടു ചെയ്‌ചതില്ല.
ഫലം പ്രഖ്യാപിക്കുമ്പോൾ മന്ത്രി പ്രൾഹാദ് ജോഷിയുടെ വസതിയിലായിരുന്ന ധൻകറിനെ അവിടെയെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു.