
ന്യൂഡൽഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകൾ പുരോഹിതർക്കും ശാന്തിക്കാർക്കും ലേലം ചെയ്തു നൽകുന്ന നടപടി ആചാര വിരുദ്ധമല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യാമെന്നും സുപ്രീംകോടതി. ഇതുസംബന്ധിച്ച കേരള ഹൈക്കോടതി വിധി ശരിവച്ചാണ് ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ബലിത്തറകൾ ലേലം ചെയ്യുന്നത് ദേവസ്വം ബോർഡുകൾക്ക് വരുമാനം ഉണ്ടാക്കാനുള്ള മാർഗം കൂടിയാണ്. ഇതുകൊണ്ട് നിയമ, ആചാര വിരുദ്ധത ഉണ്ടാകുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഒരുകൂട്ടം പുരോഹിതരുടെ എതിർപ്പുമൂലം ബലിത്തറ ലേലം മുടങ്ങിയെന്ന കേരളകൗമുദി വാർത്തയെത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യാമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആർച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി പാനായിക്കുളം
രാധാകൃഷ്ണ വാദ്ധ്യാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വളരെ പൗരാണികമായ ആചാരവുമായി ബന്ധപ്പെട്ടതാണ് ആലുവ ശിവക്ഷേത്രത്തിലെ ബലിതർപ്പണമെന്നായിരുന്നു പുരോഹിത് സഭയുടെ വാദം. ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ പുരോഹിതർക്കും ശാന്തിക്കാർക്കും കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാദം സുപ്രീംകോടതി തള്ളി.