
ന്യൂഡൽഹി: നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിനിടയായ ചാനൽ ചർച്ചയിലെ അവതാരകയായിരുന്ന നവികാ കുമാറിന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. നവികയ്ക്ക് നേരെയുള്ള നടപടികൾ നിറുത്തി വയ്ക്കാനും താത്ക്കാലികമായി അറസ്റ്റ് ചെയ്യരുതെന്നും നിർദ്ദേശിച്ച് കേന്ദ്ര സർക്കാരിനും ബംഗാൾ സർക്കാരിനും ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.
മേയ് 28ന് ഗ്യാൻവാപി തർക്കം സംബന്ധിച്ച ടി.വി ചർച്ചയിലാണ് നൂപുർ ശർമ്മ വിവാദപരാമർശം നടത്തിയത്. നവിക കുമാറിനെതിരെ ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബംഗാൾ സർക്കാരിന്റെ അമിത താത്പര്യത്തെ നവികാ കുമാറിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ചോദ്യം ചെയ്തു. സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗം ഗൗരവമായാണ് കാണുന്നതെന്നായിരുന്നു ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമിയുടെ മറുപടി. രണ്ടാഴ്ച്ച കഴിഞ്ഞ് സുപ്രീംകോടതി കേസിൽ വീണ്ടും വാദം കേൾക്കും.