
ന്യൂഡൽഹി: ഭീമ കൊറെഗാവ് കേസിൽ പ്രതിയായ കവി വരവരറാവുവിന് സുപ്രീംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു. പാർക്കിൻസൺ രോഗത്തിന് ചികിത്സയിലായ 82 കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി, പ്രായം, രണ്ടര വർഷക്കാലത്തെ കസ്റ്റഡി കാലയളവ് എന്നിവയെല്ലാം പരിഗണിച്ചാണിത്. താത്കാലിക ജാമ്യത്തിലുള്ള വരവരറാവു മൂന്ന് മാസത്തിനുള്ളിൽ കീഴടങ്ങണമെന്ന ബോംബെ ഹൈക്കോടതിയുടെ നിബന്ധനയും സുപ്രീംകോടതി റദ്ദാക്കി.
82 വയസുള്ളയാളെ ഇനിയും ജയിലിലടയ്ക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആരോഗ്യ കാരണങ്ങളാൽ സ്ഥിരം ജാമ്യം അനുവദിക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് വരവരറാവു സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിലാണ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഗ്രേറ്റർ മുംബയ് വിടരുതെന്നും ചികിത്സ എവിടെയാണെന്നത് എൻ.ഐ.എയെ അറിയിക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്. കേസിൽ ഇത് വരെ കുറ്റപത്രം സമർപ്പിച്ചില്ലെന്നതും വരവരറാവു ഉൾപ്പെടെയുള്ളവരുടെ വിടുതൽ ഹർജി കോടതിയുടെ മുന്നിലുണ്ടെന്നതും വാദത്തിനിടെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ആരോഗ്യ കാരണങ്ങളാൽ മാത്രമാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ മെറിറ്റിനെ ഇത് ബാധിക്കില്ല. വരവരറാവുവിനെതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിയിക്കാനാകുമെന്നും കോടതി എൻ.ഐ.എയോട് ചോദിച്ചു.