
ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, രാജ്യസഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, രാജ്യസഭാ എം.പി മനു അഭിഷേക് സിംഗ്‌വി, കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പവൻ ഖേര തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിൽ വന്നതിനാൽ രാഹുൽ ഗാന്ധി അടക്കം നേതാക്കൾ ഐസൊലേഷനിലാണ്. ഇന്നലെ രാജസ്ഥാനിലെ അൽവാറിൽ തുടങ്ങിയ നേതൃത്വ പരിശീലന പരിപാടിയായ സങ്കൽപ് ശിബിരിൽ രാഹുലിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. കൊവിഡ് നെഗറ്റീവ് ആണെങ്കിൽ ഇന്ന് പുറപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി നടപടിക്കും വിലക്കയറ്റത്തിനെതിരെയും കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടികളിൽ നേതാക്കൾ പങ്കെടുത്തിരുന്നു.
പ്രിയങ്കയ്‌ക്ക് ഇക്കഴിഞ്ഞ ജൂൺ മാസത്തിലും കൊവിഡ് പിടിപെട്ടിരുന്നു. പ്രിയങ്കയുമായി സമ്പർക്കത്തിൽ വന്ന അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും രോഗം ബാധിച്ചു. കൊവിഡ് വിമുക്തയായ ശേഷവും ശാരീരിക അസ്വസ്ഥതകൾ തുടർന്നതിനാൽ സോണിയ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.