dd
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ

ന്യൂഡൽഹി: രാജ്യത്തിന്റെ 14-ാമത് ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ഹിന്ദിയിൽ ദൈവനാമത്തിലാണ് ധൻകർ പ്രതിജ്ഞയെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കർ ഒാം ബിർള, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ധൻകറിന്റെ മുൻഗാമി വെങ്കയ്യ നായിഡു, ധൻകറിന്റെ പത്‌നി സുദേശ ധൻകർ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, നിർമ്മല സീതാരാമൻ, സ്‌മൃതി ഇറാനി, വി.മുരളീധരൻ, എംപിമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്നലെ രാവിലെ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ധൻകർ രാഷ്‌ട്രപതിഭവനിലേക്ക് പുറപ്പെട്ടത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നേരത്തെ പിരിഞ്ഞതിനാൽ രാജ്യസഭാ അദ്ധ്യക്ഷനായുള്ള ധൻകറിന്റെ അരങ്ങേറ്റം നവംബറിൽ തുടങ്ങുന്ന ശൈത്യകാല സമ്മേളനത്തിലാകും.