sunil-bansal

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച 303 സീറ്റുകൾ നിലനിർത്താനും രണ്ടാം സ്ഥാനത്തെത്തിയ നൂറോളം സീറ്റുകൾ പിടിച്ചെടുക്കാനുമുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് സുനിൽ ബൻസാലിന്റെ പുതിയ നിയമനം. ഈ ലക്ഷ്യം നേടാൻ പാർട്ടിയിൽ ഇനിയും അഴിച്ചു പണികൾ നടന്നേക്കും.

2014 മുതൽ യു.പിയിലെ സംഘടനാ ജനറൽ സെക്രട്ടറിയായ സുനിൽ ബൻസാൽ ബി.ജെ.പിക്കു വേണ്ടി ഹിന്ദി ഹൃദയഭൂമി കീഴടക്കിയ നേതാവാണ്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ സഹസംഘടനാ സെക്രട്ടറിയായിരിക്കെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അമിത് ഷായുടെ താല്പര്യപ്രകാരമായിരുന്നു യു.പിയിലെ നിയമനം. 2024ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന പശ്ചിമബംഗാൾ, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബൻസാലിന്. ബംഗാളിൽ കൈലാസ് വിജയ്‌ വർഗീയയ്‌ക്ക് പകരമാണ് ബൻസാൽ.

ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന് ശക്തമായ അടിത്തറയുണ്ടായിരുന്ന ഉത്തർപ്രദേശിനെ പാർട്ടിയുടെ ശക്തി കേന്ദ്രമാക്കിയ കരുത്തുമായാണ് ആർ.എസ്.എസ് പ്രചാരകൻ കൂടിയായ ബൻസാൽ മൂന്ന് സംസ്ഥാനങ്ങളുടെ ചുമതലയേൽക്കുന്നത്. സാധാരണ ആർ.എസ്.എസ് പ്രചാരകരെ പോലെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നാണ് അമിത് ഷായുടെ വിശ്വസ്തൻ തന്ത്രങ്ങൾ മെനഞ്ഞെതെങ്കിൽ ഇനി ദേശീയ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രചാരക് സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നേക്കാം. ഭാവിയിൽ ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം പോലും സുനിൽ ബൻസാലിനെ തേടിയെത്തിയേക്കും.

100 ൽ ഒന്ന് തിരുവനന്തപുരം

2024ൽ ബി.ജെ.പി ലക്ഷ്യമിടുന്ന 100 സീറ്റുകളിൽ ഒന്ന് തിരുവനന്തപുരമാണ്. ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് 9ന് കേരളത്തിൽ എത്തിയതിന് പിന്നിലും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെ. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ സംഘടനാ സെക്രട്ടറിമാരുമായും ആർ.എസ്.എസ് നേതൃത്വവുമായും ബി.എൽ. സന്തോഷ് ചർച്ച നടത്തി. ബി.ജെ.പി കേരളത്തിൽ ഏറ്റെടുക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം അദ്ദേഹം നേതൃത്വത്തിന് കൈമാറി. തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന ഘടകത്തിൽ പുനഃസംഘടന വേണമെങ്കിൽ എങ്ങനെ എന്നതും ചർച്ചയായി.