ന്യൂഡൽഹി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്കെതിരെയുള്ള മകന്റെ പരാതിക്ക് പിന്നിൽ അച്ഛനെ സംശയിച്ചു കൂടേയെന്ന് സുപ്രീം കോടതി. ആരോപണ വിധേയയായ അമ്മയും ഇരയാണെന്ന് കോടതി വ്യക്തമാക്കി. അമ്മയെ കുറ്റവിമുക്തയാക്കി പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി ശരിവച്ചതിനെതിരെ മകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

മകന്റെ മൊഴി അച്ഛന്റെ സമ്മർദ്ദത്തോടെയാണെന്ന് സംശയിക്കാമെന്ന് കോടതി നിരീക്ഷിച്ചു. അച്ഛനും അമ്മയും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിൽക്കെ അമ്മയ്ക്കെതിരെ മകനെ ദുരുപയോഗം ചെയ്യാം. അച്ഛൻ പക പോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരുടെ ബെഞ്ച് ചോദിച്ചു.

ഈ വാദത്തെ മകന്റെ അഭിഭാഷകൻ എതിർത്തു. മകൻ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുമ്പോഴാണ് അമ്മയ്ക്കെതിരെ മൊഴി നൽകിയത്. അത് കൊണ്ട് മകന്റെ പരാതി അച്ഛന്റെ സമ്മർദ്ദത്തോടെയാണെന്ന് പറയാനാവില്ല. മകന്റെ പരാതി തെറ്റാണെന്ന റിപ്പോർട്ട് കാരണം മകൻ കള്ളനാണെന്ന് ചീത്രീകരിക്കപ്പെട്ടു. മകൻ കടുത്ത മാനസിക സംഘർഷത്തിലാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അമ്മയെയും ഇരയായി കാണാമെന്നും അവരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടാകാമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ട് തെറ്റാണെന്ന് പറയാനുള്ള കാരണങ്ങൾ അറിയിക്കാനും കോടതി ഹർജിക്കാരോട് നിർദ്ദേശിച്ചു. രണ്ടാഴ്ച് കഴിഞ്ഞ് വീണ്ടും വാദം കേൾക്കും.

മകനെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട അമ്മ നിരപരാധിയാണെന്ന അന്വേഷണ റിപ്പോർട്ടിനെതിരെ മകൻ വ്യാഴാഴ്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. 14 കാരനായ മകന്റെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണ റിപ്പോർട്ട്. മകന്റെ പരാതിയെ തുടർന്ന് നാല് കുട്ടികളുടെ അമ്മയായ 37 കാരി 27 ദിവസം ജയിലിൽ കിടന്നിരുന്നു.