modi-ncc

ന്യൂഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ നിറവിൽ ദേശീയ പതാക ഉയർത്തിയപ്പോൾ പതിവ് ആചാര വെടി മുഴക്കിയത് തദ്ദേശീയമായി നിർമ്മിച്ച പീരങ്കികൾ. തന്റെ പ്രസംഗത്തിൽ സ്വാശ്രയത്വത്തിന്റെ പ്രാധാന്യം വിവരിക്കവെ സ്വന്തമായി നിർമ്മിച്ച പീരങ്കികൾ ചെങ്കോട്ടയിൽ പുതുചരിത്രമെഴുതിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു.

ആദ്യമായാണ് എ.ടി.എ.ജി.എസ് (അഡ്വാൻസ്ഡ് ടോവ്‌ഡ് ആർട്ടിലറി ഗൺ സിസ്റ്റം) എന്നറിയപ്പെടുന്ന പീരങ്കിയിൽ നിന്ന് 21 ആചാര വെടികൾ മുഴങ്ങുന്നത്. മേക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ കീഴിൽ ഡി.ആർ.ഡി.ഒയും ഭാരത് ഫോർജെ ലിമിറ്റഡ്, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് എന്നീ കമ്പനികളും ചേർന്നാണ് 155എം.എം പീരങ്കി വികസിപ്പിച്ചത്. 48 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തെ പ്രഹരിക്കാൻ ഇതിന് കഴിയും. ആത്‌മനിർഭർ ഭാരത് പദ്ധതിക്കു കീഴിൽ ഇതടക്കമുള്ളവ വികസിപ്പിക്കുന്ന പ്രതിരോധ വിദഗ്‌ദ്ധരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

തനതു വേഷത്തിൽ എൻ.സി.സി കേഡറ്റുകൾ

75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിലെ പതാക ഉയർത്തൽ ചടങ്ങ് വൈവിദ്ധ്യമാക്കാൻ സംഘാടകർ ശ്രദ്ധി​ച്ചിരുന്നു. ഇന്ത്യയുടെ കൂറ്റൻ മാപ്പിനകത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള എൻ.സി.സി കേഡറ്റുകൾ തനതു വേഷങ്ങളിൽ നിരന്നത് ആകർഷകമായി. ചടങ്ങിന് ശേഷം കേഡറ്റുകളുമായി സംസാരിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തി.

യു.എസ്, യു.കെ, അർജന്റീന തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള 124 കേഡറ്റുകളും അതിഥികളായി എത്തിയിരുന്നു. അങ്കണവാടി വർക്കേഴ്സ്, തെരുവ് കച്ചവടക്കാർ, മുദ്ര വായ്‌പ ഉപഭോക്താക്കൾ, മോർച്ചറി ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്കും ചടങ്ങിന് ക്ഷണമുണ്ടായിരുന്നു. 7000ത്തോളം ക്ഷണിതാക്കൾക്ക് പുറമെ ആയിരക്കണക്കിന് ആളുകൾ പുറത്ത് സ്വാതന്ത്ര്യ ദിന ചടങ്ങു വീക്ഷിക്കാൻ എത്തി.

കേരളത്തിൽ നിന്ന് അക്കമ്മാ ചെറിയാൻ അടക്കം എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സ്വാതന്ത്ര്യ സമര പോരാളികളുടെ ചിത്രം പതിച്ച 75 മീറ്റർ നീളമുള്ള വലിയ പോസ്റ്ററുകൾ ചെങ്കോട്ടയ്‌ക്ക് ചുറ്റും പതിച്ചത് ജനശ്രദ്ധ ആകർഷിച്ചു.

80 മിനിട്ട് പ്രസംഗം, പ്രോംപ്‌റ്റർ ഇല്ലാതെ

സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം 80 മിനിട്ടോളം നീണ്ടു. നോക്കി വായിക്കാൻ തയ്യാറാക്കിയ ടെലി പ്രോംപ്‌‌റ്റർ ഒഴിവാക്കി തനതു ശൈലിയിലായിരുന്നു മോദിയുടെ പ്രസംഗം. വിഷയങ്ങൾ വിട്ടു പോകാതിരിക്കാൻ ചെറു കുറിപ്പുകളും കരുതിയിരുന്നു. ത്രിവർണ്ണ നിറമുള്ള തലപ്പാവും നീല കുർത്തയുമായിരുന്നു ഇക്കുറി പതാക ഉയർത്തൽ ചടങ്ങിൽ മോദിയുടെ വേഷം. ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ ആചാരമനുസരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ആനയിച്ചത്. തുടർന്ന് പ്രധാനമന്ത്രി സായുധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഒഫ് ഒാണർ സ്വീകരിച്ചു. ചെങ്കോട്ടയ്‌ക്കു മുകളിൽ കയറിയ പ്രധാനമന്ത്രി സ്‌ക്വാഡ്രൻ ലീഡർ സുനിതാ യാദവിന്റെ സഹായത്തോടെ ദേശീയ പതാക ഉയർത്തി. പിന്നാലെ രണ്ട് ധ്രുവ് ഹെലികോപ്‌ടറുകളുടെ അകമ്പടിയോടെ വന്ന രണ്ട് മിഗ് -17 ഹെലികോപ്‌ടറുകൾ പുഷ്‌പവൃഷ്‌ടി നടത്തി.