
ന്യൂഡൽഹി: റോഹിംഗ്യ അഭയാർത്ഥികൾക്ക് നിർദ്ധന വിഭാഗങ്ങൾക്കുള്ള ഫ്ളാറ്റുകൾ നൽകുമെന്ന വാർത്ത തെറ്റാണെന്നും അവർ ഡൽഹിയിൽ നിലവിലുള്ള സ്ഥലത്ത് തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് റോഹിംഗ്യ അഭയാർത്ഥികളെ ന്യൂഡൽഹി ബക്കർവാലയിലെ ഫ്ളാറ്റുകളിൽ പുന:രധിവസിപ്പിക്കുമെന്ന വാർത്തയെ തുടർന്നാണ് വിശദീകരണം. അനധികൃത വിദേശികളെ നിയമപ്രകാരം നാടുകടത്തുന്നത് വരെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കണമെന്നാണ് ചട്ടം. ഡൽഹി സർക്കാർ നിലവിലെ സ്ഥലം തടങ്കൽ കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.