p

ന്യൂഡൽഹി: വർഗീയ വിദ്വേഷത്തിന് ഇടയാക്കുന്ന രീതിയിൽ ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ച എട്ട് യൂട്യൂബ് ചാനലുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചു. ഇതിലൊന്ന് പാകിസ്ഥാനിൽ നിന്നുള്ളതാണ്. 114 കോടി ആളുകൾ കാണുന്നതും 85,13,000 വരിക്കാരുള്ളതുമാണ് ഈ യൂ ട്യൂബ് ചാനലുകൾ.

സീ ടോപ് 5 ടി.എച്ച് (30ലക്ഷം വരിക്കാർ), സബ് കുച്ച് ദേഖോ (19ലക്ഷം), ലോക് തന്ത്ര ടിവി (12ലക്ഷം), യു ആൻഡ് വി ടിവി, എ.എം.രസ്‌വി, ഗൗരവ്ശാലി പവൻ മിഥിലാഞ്ചൽ, സർക്കാരി അപ്ഡേറ്റ്, പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ന്യൂസ് കി ദുനിയ എന്നിവയെയാണ് നിരോധിച്ചത്. ലോക്‌തന്ത്ര ടിവിയുടെ ഫേസ്ബുക്ക് അക്കൗണ്ടും പോസ്റ്റുകളും നിരോധിച്ചു.

രാജ്യസുരക്ഷയ്ക്കും വിദേശ നയത്തിനും പൊതുജനാഭിപ്രായത്തിനും വിരുദ്ധമായ കാര്യങ്ങൾ ഈ ചാനലുകൾ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയാണ് നടപടി. കേന്ദ്ര സർക്കാർ ചില സമുദായങ്ങളുടെ ആരാധനാലയങ്ങൾ പൊളിക്കാനും ഉത്സവങ്ങൾ നിരോധിക്കാനും തീരുമാനിച്ചെന്നും ജിഹാദ് യുദ്ധത്തിന് ആഹ്വാനം നൽകിയെന്നും മറ്റുമുള്ള വാർത്തകളാണ് പ്രചരിപ്പിച്ചത്. ഇന്ത്യയിലെ പ്രമുഖ ചാനലുകളുടെ ലോഗോയും അവതാരകരുടെ ചിത്രങ്ങളും ഉപയോഗിച്ച് ജമ്മു കാശ്മീർ, സായുധ സേനാ വിഭാഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ 25ന് പാകിസ്ഥാനിൽ നിന്നുള്ള പത്തെണ്ണം അടക്കം 16 യൂ ട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു.