ന്യൂഡൽഹി:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച പത്തനംതിട്ട സീതത്തോട് സ്വദേശി ജയ്മോൻ ലാലുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന തനിക്ക് ജാമ്യം നൽകി ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയ്മോൻ ലാലു സുപ്രീം കോടതിയെ സമീപിച്ചത്. ആരോപണം ഉന്നയിച്ച സ്ത്രീയും ജയ്മോനും ഒന്നിച്ച് ഒരു വർഷം താമസിച്ച ശേഷം ബന്ധം തകർന്നപ്പോൾ ബലാത്സംഗ പരാതി നൽകുകയായിരുന്നുവെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ മഞ്ജു ആന്റണി, ജയിംസ് തോമസ് എന്നിവർ വാദിച്ചു. സമാനമായ 17 കേസുകളിൽ പ്രതിയായ ജയ്മോൻ ലാലു വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയെ വഞ്ചിക്കുകയായിരുന്നുവെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ ഹർഷാദ് വി ഹമീദ് വാദിച്ചു.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ശിക്ഷ കാലാവധി മുഴുവൻ അനുഭവിക്കണമെന്നും ജയ്മോൻ ലാലുവിന്റെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ വാദത്തോട് യോജിച്ച് കൊണ്ടാണ് ഹർജി തള്ളിയത്.