
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാളെ നൈജീരിയയിലെത്തും. നൈജീരിയയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന സന്ദർശനം. നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വിദേശകാര്യ മന്ത്രി ജെഫ്രി ഒനിയാമ, പ്രതിരോധമന്ത്രി മേജർ ജനറൽ ബഷീർ മഗാഷി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. നൈജീരിയ-ഇന്ത്യ ബിസിനസ് കൗൺസിൽ (എൻ.ഐ. ബി.സി) യോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ത്യൻ സമൂഹവുമായുള്ള പ്രത്യേക കൂടിക്കാഴ്ച്ചയും ദ്വിദിന സന്ദർശനത്തിന്റെ ഭാഗമാണ്.
2019ൽ നൈജീരിയൻ സർക്കാർ നടത്തിയ ജനാധിപത്യ ദിനാചരണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് വി. മുരളീധരൻ പങ്കെടുത്തിരുന്നു. ആഫ്രിക്കൻ വൻകരയിൽ ഇന്ത്യയുടെ നയതന്ത്രവ്യാപ്തി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാർ തീരുമാനങ്ങളുടെ ഭാഗമായാണ് നൈജീരിയൻ സന്ദർശനം.