teesta

ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖകൾ ഉണ്ടാക്കിയെന്ന കേസിൽ അറസ്റ്റിലായ ടീസ്ത സെതൽവാദിന്റെ ജാമ്യാപേക്ഷയിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ നിലപാടറിയിക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. അടിയന്തരമായി ഹർജി കേൾക്കണമെന്ന ടീസ്തയുടെ ആവശ്യം അംഗീകരിച്ച യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ 25ന് പരിഗണിക്കാൻ തീരുമാനിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ടീസ്ത സുപ്രീം കോടതിയിലെത്തിയത്. ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി സെപ്തംബർ 19 ന് വാദം കേൾക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ടീസ്തയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ടീസ്തയ്ക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ സുപ്രീംകോടതി വിധിയിൽ പരാമർശിച്ച ചില കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ തെളിവുണ്ടാക്കിയതിനാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന ടീസ്തയ്ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂൺ 25ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്.ഐ.ടി കണ്ടെത്തൽ സുപ്രീം കോടതി ശരിവച്ചതോടൊപ്പം കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കാമെന്നുള്ള സുപ്രീംകോടതി പരാമർശത്തെ തുടർന്നായിരുന്നു ടീസ്തയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്.