
ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി പിളർത്തിയ ശേഷം രാജിവച്ച് പുറത്തുവന്നാൽ തന്റെ പേരിലുള്ള സി.ബി.ഐ, ഇ.ഡി കേസുകൾ ഒഴിവാക്കിത്തരാമെന്ന് ബി.ജെ.പി വാഗ്‌ദാനം ചെയ്തതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ആരാണ് വാഗ്‌ദാനം നൽകിയതെന്ന് സിസോദിയ വെളിപ്പെടുത്തിയില്ല. ആരോപണം ബി.ജെ.പി തള്ളി.
ഡൽഹിയിൽ മദ്യ ലൈസൻസുകൾ നൽകിയതിലെ ക്രമക്കേട് ആരോപിച്ച് സി.ബി.ഐ കേസെടുക്കുകയും വസതിയിൽ റെയ്ഡ് നടത്തുകയും ചെയ്‌തതിന് പിന്നാലെയാണ് സിസോദിയയുടെ വെളിപ്പെടുത്തൽ.
താൻ മഹാറാണാ പ്രതാപിന്റെ പിൻമുറക്കാരനായ രജപുത്രനാണ്. തല വെട്ടുമെന്ന് പറഞ്ഞാലും അഴിമതിക്കും ഗൂഢാലോചനക്കാർക്കും മുന്നിൽ അടിയറവ് പറയില്ല. തനിക്കെതിരെ കള്ളക്കേസുകളാണുള്ളത്. എന്തു നടപടിവന്നാലും നേരിടുമെന്നും സിസോദിയ പറഞ്ഞു.
എന്നാൽ, അഴിമതിക്കേസിൽ പിടിക്കപ്പെട്ടതോടെ ഒാരോ ദിവസം പുതിയ കഥ മെനയുകയാണ് സിസോദിയ. ആളുകളെ കള്ളുകുടിയൻമാരാക്കിയ ഒരാൾക്ക് മഹാറാണാ പ്രതാപിന്റെ പാരമ്പര്യം അവകാശപ്പെടാൻ നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. മഹാറാണാപ്രതാപ് വനിതകളുടെ അഭിമാനം സംരക്ഷിച്ചയാളും ഡൽഹി സർക്കാർ അവരെ അവഗണിച്ചവരുമാണ്.
ലോഫ്ളോർ ബസ് വാങ്ങൽ അന്വേഷണത്തിൽ
മദ്യനയത്തിന് പുറമെ ആംആദ്‌മി സർക്കാർ 1000 ലോഫ്ളോർ എ.സി ബസുകൾ വാങ്ങിയതിലെ അഴിമതിയും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ബസുകൾ വാങ്ങാനും വാർഷിക അറ്റകുറ്റപ്പണിക്കുമുള്ള ടെൻഡറുകളിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം.
വിജയ് നായർ വിദേശത്ത്
മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ എഫ്.ഐ.ആറിൽ പേരുള്ള മുംബയ് വ്യവസായി വിജയ് നായർ വിദേശത്ത്. ആംആദ്‌മി പാർട്ടിയുമായും സിസോദിയയുമായും അടുത്ത ബന്ധമുള്ള വിജയ് നായർ അന്വേഷണവുമായി സഹകരിക്കുമെന്ന് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോൾ സിസോദിയ ഒഴിഞ്ഞുമാറിയിരുന്നു.