
ന്യൂഡൽഹി: മീനങ്ങാടിയിൽ മാതാവിന്റെ സഹോദരൻ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. പ്രതിക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കുട്ടിയെ വിവസ്ത്രയാക്കിയ ശേഷം മടിയിലിരുത്തി കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും അശ്ലീലമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു കേസ്. എന്നാൽ, കെട്ടിപ്പിടിച്ചതും ഉമ്മ വച്ചതും അമ്മാവന്റെ വാത്സല്യത്തോടെയായിരുന്നുവോയെന്ന് അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സെപ്തംബർ 12 ന് പരിഗണിക്കും.
മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തില്ലെന്ന് ഹർജിയിൽ പറയുന്നു. അന്വേഷണം പൂർത്തിയായതിനാൽ പരിമിതമായ കസ്റ്റഡി മാത്രമെ ആവശ്യമുള്ളുവെന്നായിരുന്നു അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ എടുത്ത നിലപാട്.
വിശ്വസിക്കാൻ കഴിയുന്നതിലുമപ്പുറം, ലോകത്തിന് കാമഭ്രാന്ത്
പരിഗണിക്കുന്ന ചില കേസുകളിലെ വാസ്തവം വിശ്വസിക്കാൻ കഴിയുന്നതിലുമപ്പുറമാണെന്നും ലോകത്തിന് കാമ ഭ്രാന്താണെന്നും കേസ് പരിഗണിച്ച ബെഞ്ചിന്റെ അദ്ധ്യക്ഷൻ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അഭിപ്രായപ്പെട്ടു. പോക്സോ കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വിധിയിലെ നിരീക്ഷണത്തെ കുറിച്ച് ഇരയുടെ മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വെളിപ്പെടുത്തൽ. താൻ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോൾ ഒരു കേസ് പരിഗണിച്ചപ്പോഴുണ്ടായ അനുഭവം ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിവരിച്ചു. ജയിൽ തടവുകാരനായ പിതാവിൽ നിന്ന് മകൾക്ക് നേരെയുണ്ടായ ക്രൂരമായ ലൈംഗിക പീഡനം സംബന്ധിച്ചായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ വിവരണം. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ പിതാവ് മാതാവിന്റെ സാന്നിദ്ധ്യത്തിൽ മകളെ വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.