
 15,000 കർഷകരുടെ വൻ പ്രതിഷേധറാലി
ന്യൂഡൽഹി: താങ്ങുവില അടക്കമുള്ളവിഷയങ്ങളിൽ നൽകിയ വാഗ്‌ദാനങ്ങൾ കേന്ദ്രസർക്കാർ പാലിക്കാത്തതിൽ പ്രതിഷേധിച്ച് തുടർ പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ രാഷ്‌ട്രീയേതര വിഭാഗം ഇന്ന് ഡൽഹിയിൽ യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും. ഇതിന് മുന്നോടിയായി ഇന്നലെ ഡൽഹിയിൽ കേരളമടക്കം 19 സംസ്ഥാനങ്ങളിൽ നിന്നുള്ള 15,000ത്തോളം കർഷകരുടെ മഹാപഞ്ചായത്ത് ചേർന്നു.
ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാരിനെ വെള്ളം കുടിപ്പിച്ച കർഷക സമരത്തിന് നേതൃത്വം നൽകിയ രാകേഷ് ടിക്കായത്ത് അടക്കമുള്ള നേതാക്കളെ ഒഴിവാക്കിയാണ് സംയുക്ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം സമരത്തിനിറങ്ങുന്നത്.
2021 ഡിസംബർ 9ന് കൃഷി മന്ത്രാലയവുമായുണ്ടാക്കിയ കരാർ പ്രകാരമാണ് ഡൽഹി അതിർത്തിയിലെ പ്രക്ഷോഭം നിർത്തിയതെന്ന് രാഷ്‌ട്രീയ കിസാൻ മഹാസംഘ് കോ-ഒാർഡിനേറ്റർ കെ.വി. ബിജു പറഞ്ഞു. എന്നാൽ, സർക്കാർ കരാർ പാലിച്ചില്ല. കർഷക സമരകാലത്ത് യു.പി, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്‌ത കേസുകളും പിൻവലിച്ചില്ല. കർഷകർക്കുള്ള നഷ്ടപരിഹാരവും ലഭ്യമായില്ല.
യു.പിയിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ അറസ്റ്റു ചെയ്യണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങൾ അടങ്ങിയ നിവേദനം രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് അയച്ചു.
ശക്തിപ്രകടനമായി മഹാപഞ്ചായത്ത്
മഹാപഞ്ചായത്തിന് ആദ്യം അനുമതി നിഷേധിച്ച് ഡൽഹി അതിർത്തിയിലും റെയിൽവേ സ്റ്റേഷനുകളിലും തടഞ്ഞെങ്കിലും പൊലീസ് പിന്നീട് നിലപാട് മാറ്റിയതിനെ തുടർന്നാണ് ഡൽഹി ജന്ദർ മന്ദറിൽ കർഷകർ ഒത്തുകൂടിയത്. ഞായറാഴ്‌ച രാത്രിമുതൽ അതിർത്തിയിൽ കർഷകരെ തടഞ്ഞിരുന്നു. മുതിർന്ന നേതാവ് ഹർപാൽ ബില്ലാരിയെയും കർഷകർ സഞ്ചരിച്ച 26 വാഹനങ്ങളും ഇന്നലെ ഉച്ചയ്‌ക്കാണ് വിട്ടത്. ഹരിയാനയിൽ നിന്നുള്ള 60 വാഹനങ്ങളും തടഞ്ഞു. ഇത് ഡൽഹി അതിർത്തിയിൽ വൻ ഗതാഗതക്കുരുക്കിനിടയാക്കി. കേരളം, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ ഡൽഹി മോത്തിബാഗ് ഗുരുദ്വാരയ്ക്ക് സമീപം തടഞ്ഞു.
റെഷിപാൽ അംബാവത, ശാന്തകുമാർ, ഹർപാൽ ബില്ലാരി, ബൽദേവ് സിംഗ് സിർസ, ജസ്ഭീർ സിംഗ് ഭാട്ടി, വീരേന്ദർ ഹുദ, ഘുർമുഖ് സിംഗ് വിർക്ക്, ലഖ്‌വീന്ദർ സിംഗ്, ജർണാൽ സിംഗ് ചാഹൽ, ഓലാക്ക്, വിമൽ ശർമ്മ, അഭിമന്യു കോഹാർ, രാഹുൽ രാജ്, ബിന്ദ്രജീത് സിംഗ് കോട്‌പാൽ തുടങ്ങിയവർ മഹാപഞ്ചായത്തിന് നേതൃത്വം നൽകി. കേരളത്തിൽ നിന്ന് 50 കർഷകർ പങ്കെടുത്തു. ബഫർസോൺ വിധിക്കെതിരെയുള്ള പ്രതിഷേധവും കടന്നുവന്നു.
മറ്റ് ആവശ്യങ്ങൾ:
 രാജ്യത്തെ എല്ലാ കർഷകരെയും കടമുക്തരാക്കണം.
വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കണം.
ഇന്ത്യ ലോക വാണിജ്യ സംഘടനയിൽ നിന്ന് പുറത്തുവന്ന് എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക
 പ്രധാനമന്ത്രി ഫസൽ ബിമാ യോജന പ്രകാരം കർഷകർക്കുള്ള കുടിശ്ശിക, നഷ്ടപരിഹാരം ഉടൻ അനുവദിക്കണം.
അഗ്നിപഥ് പദ്ധതി പിൻവലിക്കണം.