philpo-sella

ന്യൂഡൽഹി: അന്തർദ്ദേശീയ നരവംശ ശാസ്ത്രജ്ഞനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചത് എന്തിനെന്ന് ഡൽഹി ഹൈക്കോടതി. ഇക്കാര്യത്തിൽ ഒരു മാസത്തിനകം കേന്ദ്രം മറുപടി നൽകണമെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര വർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വിസയും ഗവേഷണത്തിനുള്ള അനുമതിയുമുണ്ടായിട്ടും വിമാനത്താവളത്തിൽ നിന്ന് തന്നെ തിരികെ അയച്ച നടപടി റദ്ദാക്കണമെന്നും ഇന്ത്യയിൽ ഗവേഷണം നടത്താനുള്ള അനുമതി നൽകാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് നരവംശ ശാസ്ത്രജ്ഞനും ബ്രിട്ടണിലെ സസക്സ് സർവകലാശാല പ്രൊഫസറുമായ ഫിലിപ്പോ ഒസല്ല ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങളാണ് ഫിലിപ്പോ ഒസല്ലയെ തിരിച്ചയക്കാൻ കാരണമെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ മാർച്ചിലാണ് ഫിലിപ്പോ ഒസല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ എയർ എമിറേറ്റ്സ് വിമാനത്തിൽ തന്നെ തിരിച്ചയച്ചത്. ഭീകരരെ പോലെയാണ് തന്നെ മടക്കി അയച്ചത്. ബ്രിട്ടനിൽ തിരികെയെത്തിയ ശേഷം കാരണം അന്വേഷിച്ച് ആഭ്യന്തര, വിദേശമന്ത്രാലയങ്ങൾക്ക് കത്തയച്ചെങ്കിലും ഇത്‌ വരെ മറുപടി ലഭിച്ചില്ല.

മത്സ്യത്തൊഴിലാളികളെ കുറിച്ച് നടന്ന ഒരു ഗവേഷണ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു റിസർച്ച് വിസയിൽ ഒസല്ല എത്തിയത്.

തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ വിശദമായ റിപ്പോർട്ടിന് കൂടുതൽ സമയം വേണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തെ തുടർന്ന് കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയായിരുന്നു. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാംമോഹൻ എന്നിവർ ഫിലിപ്പോ ഒസെല്ലയ്ക്കായി കോടതിയിൽ ഹാജരായി.