nijeeriavm-

ന്യൂഡൽഹി: ഇന്ത്യയ്ക്കും നൈജീരിയയ്ക്കുമിടയിൽ ഉഭയകക്ഷി ബന്ധങ്ങളുടെ പുതിയ വാതിൽ തുറക്കുകയാണ് നൈജീരിയ - ഇന്ത്യ ബിസിനസ് കൗൺസിലെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. അബുജയിൽ നടന്ന എൻ.ഐ.ബി.സി യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയായിരുന്നു അദ്ദേഹം.

നൈജീരിയ എക്കാലവും ഇന്ത്യക്കാരുടെ ഇഷ്ട നിക്ഷേപ കേന്ദ്രമാണെന്നും ആഫ്രിക്കയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നൈജീരിയയെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക, സാങ്കേതിക, വാണിജ്യ, വിദ്യാഭ്യാസ സഹകരണത്തിനായുള്ള പരസ്പര താല്പര്യം ഊട്ടിയുറപ്പിക്കുന്നതാണ് കൗൺസിൽ യോഗങ്ങൾ. പരസ്പര താല്പര്യമുള്ള രാജ്യാന്തര, മേഖലാതല വിഷയങ്ങളിൽ ഒരുമിച്ചു നീങ്ങേണ്ടതിന്റെ ആവശ്യകത കൗൺസിൽ ചർച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.

നൈജീരിയയിലെ വ്യവസായ-വാണിജ്യ മന്ത്രി ഒതുൻബ റിച്ചാർഡ് അദേനിയി, വൈദ്യുതി മന്ത്രി അബൂബക്കർ ഡി.അലിയു, വിദേശകാര്യ സഹമന്ത്രി സുബൈരു ദാദ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ദ്വദിന സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും വി. മുരളീധരൻ അഭിസംബോധന ചെയ്യും.