rahul

ന്യൂഡൽഹി: അദ്ധ്യക്ഷ സ്ഥാനത്ത് രാഹുൽ ഗാന്ധി വരണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും ,ഗാന്ധി കുടുംബത്തെ നരേന്ദ്രമോദിക്ക് ഭയമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള നേതാവ് വരുമെന്ന സൂചനകൾക്കിടെയാണിത്.

കഴിഞ്ഞ 32 വർഷമായി ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. പിന്നെ എന്തിനാണ് മോദി ഈ കുടുംബത്തെ ഭയപ്പെടുന്നത്. കോൺഗ്രസ് പാർട്ടിയുടെയും രാജ്യത്തിന്റെയും ഡി.എൻ.എ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഒന്നാണ്. എല്ലാ മതങ്ങളെയും വർഗങ്ങളെയും ഒപ്പം കൊണ്ടുപോകുന്ന പാർട്ടിയാണ് കോൺഗ്രസ്. 75 വർഷം കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം നിലനിറുത്തിയതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാനും കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയാകാനും കഴിഞ്ഞതെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.

ആനന്ദ് ശർമ്മയെ

അനുനയിപ്പിക്കും

ഹിമാചൽ പ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്ന് രാജിവയ്‌ക്കുകയും ,ഗാന്ധി കുടുംബത്തെ വിമർശിക്കുകയും ചെയ്‌ത മുതിർന്ന നേതാവ് ആനന്ദ് ശർമ്മയെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം നീക്കം തുടങ്ങി. രാജ്യസഭാ എംപി രാജീവ് ശുക്ള ഇന്നലെ ശർമ്മയുമായി ചർച്ച നടത്തി.

ആനന്ദ് ശർമ്മ രാജിവച്ചത് പാർട്ടിയുടെ അഭ്യന്തര കാര്യമാണെന്ന് കൂടിക്കാഴ്‌‌ചയ്‌ക്ക് ശേഷം രാജീവ് ശുക്ള പറഞ്ഞു.തന്നോട് ചർച്ച ചെയ്യാതെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് രാജിക്കത്തിൽ ആനന്ദ് ശർമ്മ വിശദീകരിച്ചിരുന്നു. എങ്കിലും ഹിമാചൽ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.