pic

ന്യൂഡൽഹി: ജഡ്ജിമാരെ പരസ്യമായി ലക്ഷ്യം വയ്ക്കുന്ന പ്രവണത ദൗർഭാഗ്യകരമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറഞ്ഞു. ഇക്കാര്യത്തിൽ അഭിഭാഷകർക്കും മാദ്ധ്യമങ്ങൾക്കും പങ്കുണ്ട്. സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ മാതൃകാപരമായ നിയന്ത്രണം വേണം. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും കഠിനാദ്ധ്വാനവും ഉപരാഷ്ട്രപതിയുടെ ഗുണങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. ഗോഡ്ഫാദറില്ലാതെ ഗ്രാമീണ പശ്ചാത്തലമുള്ളയാൾക്ക് രാജ്യത്തെ രണ്ടാമത്തെ പരമോന്നത പദവിയിലെത്താൻ സാധിച്ചത് നമ്മുടെ ജനാധിപത്യ പാരമ്പര്യത്തിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുടങ്ങിയവർ സംസാരിച്ചു.