
ന്യൂഡൽഹി: കൊവിഡ് മൂലം പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസമേകി ഇന്ത്യയിലെ ചൈനീസ് എംബസി രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിസ അപേക്ഷയ്‌ക്കുള്ള നടപടി പുനഃരാരംഭിക്കുന്നു. നാളെ മുതൽ പുതിയ ചൈനീസ് വിസാ അപേക്ഷയ്‌ക്കുള്ള നടപടിക്രമങ്ങൾ നിലവിൽ വരുമെന്ന് എംബസി അറിയിച്ചു.
വിസാ അപേക്ഷാ വിവരങ്ങൾ ന്യൂഡൽഹിയിലെ ചൈനീസ് വിസ അപേക്ഷാ സേവന കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് (https://bio.visaforchina.org/DEL2_EN/). ഓൺലൈൻ അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകണം. അപേക്ഷാ ഫോം നമ്പർ ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് നടത്തണം.
പുതുതായി എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്കും കൊവിഡ് വിസ നിരോധനം കാരണം ചൈനയിലേക്ക് പോകാൻ കഴിയാത്ത പഴയ വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് വിസ നൽകുമെന്ന് ഡൽഹിയിലെ ചൈനീസ് എംബസി അറിയിച്ചു. പുതിയ വിദ്യാർത്ഥികൾ ചൈനയിലെ സർവ്വകലാശാല നൽകിയ യഥാർത്ഥ പ്രവേശന കത്ത് ഹാജരാക്കണം. ചൈനയിൽ ജോലി ചെയ്യുന്നവർക്കും ബിസിനസുകാർക്കും വിസയ്‌ക്ക് അപേക്ഷിക്കാം.
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.