
ന്യൂഡൽഹി:ബിനാമി ഇടപാടുകൾക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. 1988 ലെ ബിനാമി ഇടപാടുകൾ തടയൽ നിയമത്തിലെ വകുപ്പാണ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയത്. നിയമത്തിലെ 3(2) വകുപ്പ് ഏകപക്ഷീയമാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ബിനാമി ഇടപാടുകൾ നടത്തുന്നവർക്ക് മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ. 1988 ലെ നിയമത്തിൽ 2016 ലാണ് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. ഇതോടെ ബിനാമി ഇടപാടുകൾ ശിക്ഷാർഹമാണ്. ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധിയോടെ 2016 ഒക്ടോബർ 25 ന് മുമ്പ് നടന്ന ബിനാമി ഇടപാടുകളിലെ കേസുകളിലെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ റദ്ദാകും.