gehlot

ന്യൂഡൽഹി: രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ പദവി ഏറ്റെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമേൽ സമ്മർദ്ദം. ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഗെലോട്ടിനോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് സൂചന. മറ്റാരും തയ്യാറായില്ലെങ്കിൽ സോണിയ പദവിയിൽ തുടരണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ആഗസ്റ്റ് 28ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും

ചൊവ്വാഴ്ച നടത്തിയ സ്വകാര്യ ചർച്ചയ്‌‌ക്കിടെ ഗെലോട്ടിനോട് അദ്ധ്യക്ഷനാകാൻ സോണിയ അഭ്യർത്ഥിച്ചതായി വാർത്ത വന്നിരുന്നു. തൊട്ടു പിന്നാലെ ഇക്കാര്യം ഗെലോട്ട് നിഷേധിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ടാണ് സോണിയയെ കണ്ടതെന്നും രാജസ്ഥാൻ മുഖ്യമന്ത്രിപദമടക്കം നിലവിലുള്ള കടമകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ പാലിക്കുന്ന അച്ചടക്കമുള്ള കോൺഗ്രസുകാരനാണ് താനെന്നും ഇനിയും അതു തുടരുമെന്നും ഗെലോട്ട് കൂട്ടിച്ചേർത്തു. പാർട്ടിയെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് യോഗ്യനെന്ന്

ആവർത്തിച്ച ഗെലോട്ട് ഇതിനായി അവസാന നിമിഷം വരെ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

സെപ്തംബർ 20നകം പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാൽ പാർട്ടിയിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഗെലോട്ടിന് പുറമെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്. ആരോഗ്യനില മോശമായതിനാൽ പദവിയിൽ തുടരാനാകില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞിരുന്നു. ഒരിക്കൽ രാജിവച്ച പദവി ഏറ്റെടുക്കാൻ രാഹുൽ തയ്യാറാകുന്നുമില്ല. നായകനായി രാഹുലിനെ ഉയർത്തിക്കാട്ടാനുള്ള അവസാന ശ്രമമാണ് സെപ്‌തംബറിൽ തുടങ്ങുന്ന ഭാരത് ജോഡോ യാത്ര.

പ്രിയങ്ക ഗാന്ധിക്ക് അദ്ധ്യക്ഷയാകാനുള്ള പക്വതയില്ലെന്നാണ് വിലയിരുത്തൽ. യു.പി തിരഞ്ഞെടുപ്പ് ദൗത്യം പാളിയതും സാദ്ധ്യതയ്‌ക്ക് മങ്ങലേൽപ്പിച്ചു. അങ്ങനെയെങ്കിൽ സോണിയയുടെ വിശ്വസ്‌തനായ ഗെലോട്ടിന് സാദ്ധ്യത കൂടുതലാണ്. യോഗ്യനായ ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 2024 വരെ പാർട്ടിയുടെ ഇടക്കാല അദ്ധ്യക്ഷയായി തുടരണമെന്ന് സോണിയ ഗാന്ധിയോട് മുതിർന്ന നേതാക്കൾ ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്.

പ്രവർത്തക സമിതി 28ന്

പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി ഓൺലൈനായി ആഗസ്റ്റ് 28ന് ചേരുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

സോണിയ, രാഹുൽ,പ്രിയങ്ക വിദേശത്തേക്ക്

മെഡിക്കൽ പരിശോധനയ്‌ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്. മക്കളായ രാഹുലും പ്രിയങ്കയും സോണിയയെ അനുഗമിക്കും. യാത്രാ തീയതിയോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നാൽ, 2022 സെപ്റ്റംബർ 4ന് നടക്കുന്ന വിലക്കയറ്റത്തിനെതിരെയുള്ള 'ഹല്ല ബോൾ' റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുമെന്ന് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്‌റാം രമേശ് അറിയിച്ചു.

സോണിയ വിദേശ യാത്രയ്‌ക്കിടെ ഇറ്റലിയിലുള്ള രോഗിയായ അമ്മയെയും സന്ദർശിക്കും.