nv-ramana

ന്യൂഡൽഹി: ഔദ്യോഗിക സ്ഥാനത്ത് നിന്ന് വിരമിച്ചവർക്ക് ഇന്ത്യയിൽ ഒരു വിലയുമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്ത സൗജന്യങ്ങൾക്കെതിരായ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് രണ്ട് ദിവസത്തിനകം സ്ഥാനമൊഴിയുന്നചീഫ് ജസ്റ്റിസിന്റെ പരാമർശം. ഹർജിയുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസ് ആർ.എം. ലോധയെപ്പോലെയുളള ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം ഇത്തരമൊരു സമിതി രൂപീകരിക്കേണ്ടതെന്ന് ഇന്നലെ കേസിന്റെ വാദം കേൾക്കുന്നതിനിടെ ഹർജിക്കാരന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ആവശ്യപ്പെട്ടിരുന്നു. അപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിക്കും

തിരഞ്ഞെടുപ്പ് സൗജന്യങ്ങളുമായി ബന്ധപ്പെട്ട ഹർജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്‌ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അറിയിച്ചു. മുമ്പ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യം നൽകിയതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച് വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. അതിനാലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആ ബെഞ്ചിന്റെ അദ്ധ്യക്ഷനായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എ.എം. ഖാൻവിൽക്കറും വിരമിച്ചു.