dd

ടോൾ പിരിക്കാൻ കാമറകളും

ന്യൂഡൽഹി:ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ കാമറകളുടെ സഹായത്തോടെ വാഹന നമ്പരുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ടോൾ ഈടാക്കാൻ കേന്ദ്രം ആലോചിക്കുന്നു.

വാഹനങ്ങളെ ആഗോള ഉപഗ്രഹ ഗതിനിർണയ സംവിധാനവുമായി ( ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം - ജി.എൻ.എസ്.എസ്) ബന്ധിപ്പിച്ച് ദേശീയപാതയിൽ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടിൽ പണം ഈടാക്കുന്ന രീതിയും ഒപ്പം നടപ്പാക്കും.

ഒരു ടോൾ പ്ലാസയിൽ നിന്ന് അടുത്തതിലേക്കുള്ള ദൂരത്തിന് ടോൾ പിരിക്കുന്ന നിലവിലെ രീതിക്ക് പകരം ദേശീയ പാതയിൽ സഞ്ചരിച്ച ദൂരത്തിനു മാത്രം പണം ഈടാക്കാനാണ് ഈ പരിഷ്‌കാരങ്ങൾ.

പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനം നടപ്പാക്കി വരികയാണെന്നും ഇതിന് നിയമ ഭേദഗതി കൊണ്ടുവരുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. ടോൾ പ്ളാസ ഒഴിവാക്കുന്ന വാഹന ഉടമയ്ക്ക് പിഴ ചുമത്താനും ഇ- നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കാനും വ്യവസ്ഥയുണ്ടാകും.

പുതിയ രീതി

ടോൾ പ്ലാസകളിൽ നമ്പർ പ്ലേറ്റ് റീഡർ കാമറകൾ സ്ഥാപിക്കും. കാമറയിൽ പതിയുന്ന നമ്പരിൽ നിന്ന് വാഹന ഉടമയുടെ വിവരങ്ങൾ കമ്പ്യൂട്ടർ ശേഖരിക്കും. ഉടമയുടെ ബാങ്ക് അക്കൗണ്ടും നമ്പരും ബന്ധിപ്പിച്ചിട്ടുണ്ടാകും. സോഫ്‌റ്റ്‌വെയർ സഹായത്തോടെ അക്കൗണ്ടിൽ നിന്ന് ടോൾ പണം ഈടാക്കും.

ഫാസ്ടാഗിൽ മണിക്കൂറിൽ 112 വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാം. നമ്പർ റീഡർ വരുമ്പോൾ മണിക്കൂറിൽ 260-ലധികം വാഹനങ്ങളിൽ നിന്ന് പിരിക്കാം

നിലവിൽ ടോൾ പ്ലാസ ഒഴിവാക്കി പണം നൽകാതെ മുങ്ങുന്നവർക്ക് പിഴ ചുമത്താൻ നിയമമില്ല. ആ വ്യവസ്ഥ ഭേദഗതിയായി ഉൾപ്പെടുത്തും.

വാഹനങ്ങളിൽ കാമറയ്‌ക്ക് വായിക്കാൻ പറ്റുന്ന ഈ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കണം.

ഫാസ്ടാഗ് പ്രശ്‌നങ്ങൾ:

 ടോൾ പിരിവ് വേഗത്തിലാണെങ്കിലും പ്ലാസകളിൽ ഇപ്പോഴും തിരക്ക്.

അക്കൗണ്ടിൽ പണം ഇല്ലാത്തവർ ടോൾ പ്ളാസയിൽ കൂടുതൽ സമയമെടുക്കുന്നു.

 ഉൾപ്രദേശങ്ങളിലെ പ്ലാസകളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങൾ

പുതിയ വെല്ലുവിളികൾ:


ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ കാമറകൾക്ക് സാങ്കേതിക പിഴവുണ്ടാകാം.

 നമ്പർ പ്ളേറ്റിന്റെ ഘടന മാറിയാൽ കാമറയിൽ പതിയാൻ ബുദ്ധിമുട്ടാകും.