snc
ലാവ്‌ലിൻ കേസ്

ന്യൂഡൽഹി:എസ്.എൻ.സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്തംബർ 13 ന് സുപ്രീം കോടതി പരിഗണിക്കും. 13 ന്‌ പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്നും ഈ ഹർജികൾ നീക്കം ചെയ്യരുതെന്ന് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ഹർജി നിരന്തരം മാറിപ്പോവുകയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി 13 ന്‌ പരിഗണിക്കാൻ നിർദ്ദേശിച്ചത്.

നാല് വർഷം മുമ്പ് സി.ബി.ഐ സമർപ്പിച്ച ഹർജി മുപ്പതിലധികം തവണയാണ് മാറ്റി വച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് മുൻ സെക്രട്ടറി കെ.മോഹന ചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമർപ്പിച്ച ഹർജിയിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി ബന്ധപ്പെട്ടവർക്ക് നോട്ടീസയച്ചു. കെ.എസ്.ഇ.ബി മുൻ അക്കൗണ്ട്സ് അംഗം കെ.ജി രാജശേഖരൻ നായർ,മുൻ ബോർഡ് ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ എം. കസ്തൂരി രംഗ അയ്യർ എന്നിവരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. തങ്ങളെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അവർ നൽകിയ ഹർജികളിലും നോട്ടീസയച്ചിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണയാണ് അന്ന് കേസ് പരിഗണിച്ച ബെഞ്ചിന് നേതൃത്വം നൽകിയത്. പിന്നീട് ജസ്റ്റിസ് യു.യു ലളിതാണ് കേസ് പരിഗണിച്ചിരുന്നത്.