
ന്യൂഡൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ പ്രതാപം നഷ്ടപ്പെട്ട കോൺഗ്രസിന് മുതിർന്ന നേതാക്കളിലൊരാളും ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ രാജി കനത്ത പ്രഹരമായി.
രാഹുൽ ഗാന്ധിയുടെ തണൽ പറ്റി നിൽക്കുന്ന ഉപചാപക വൃന്ദം കോൺഗ്രസിനെ നശിപ്പിക്കുകയാണെന്ന് തുറന്നടിച്ച ആസാദ് അതൃപ്‌തരായ മറ്റു നേതാക്കൾക്കൊപ്പം പുതിയ പാർട്ടി രൂപീകരിക്കാനാണ് നീക്കം. ജമ്മുകാശ്‌മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ഇത് തിരിച്ചടിയാകും.
പാർട്ടി നേതൃനിരയിൽ മാറ്റമാവശ്യപ്പടുന്ന വിമത ജി-23 നേതാക്കളിൽ പ്രമുഖനാണ് ഗുലാം നബി. അദ്ദേഹത്തെ പിന്തുണച്ച് ജമ്മുകാശ്‌മീർ മുൻ എം.എൽ.എമാരായ ജി.എം. സറൂരി, ഹാജി അബ്ദുൾ റഷീദ്, മൊഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം തുടങ്ങിയവരും രാജിവച്ചിട്ടുണ്ട്. നേതൃത്വവുമായി ഭിന്നതയിലുള്ള ആനന്ദ് ശർമ്മ, മനീഷ് തിവാരി, പി.ജെ. കുര്യൻ അടക്കം നേതാക്കളെയും ഗുലാംനബി പ്രതീക്ഷിക്കുന്നുണ്ട്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സെപ്‌തംബർ 7 മുതൽ രാഹുലിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെയാണ് അരനൂറ്റാണ്ട് പാരമ്പര്യമുള്ള പാർട്ടി കാരണവർ വിട്ടുപോകുന്നത്. ആസാദിനെ മുൻനിറുത്തി ജമ്മുകാശ്‌മീരിൽ തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലും ഇതോടെതെറ്റി.
ജമ്മുകാശ്‌മീർ തിരഞ്ഞെടുപ്പ് സമിതികളിൽ നിന്നൊഴിഞ്ഞ് അതൃപ്‌തി പരസ്യമാക്കിയതിന് പിന്നാലെയാണ് പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും ഗുലാംനബി വേണ്ടെന്നുവച്ചത്.
തത്‌കാലം ജമ്മുകാശ്‌മീർ കേന്ദ്രമാക്കി പ്രവർത്തിക്കാനാണ് നീക്കം. ബി.ജെ.പിയിൽ ചേരില്ലെന്ന സൂചന നൽകിയെങ്കിലും രാജിക്ക് ശേഷം ബി.ജെ.പിക്കെതിരെ കാര്യമായ വിമർശനംനടത്തിയിട്ടില്ല. അടുത്തിടെ രാജ്യസഭയിൽ ആസാദിന്റെ വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിക്കെ, കോൺഗ്രസിൽ അദ്ദേഹത്തിന് പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ജ്യോതിരാദിത്യ സിന്ധ്യയും കപിൽ സിബലും രാജിവച്ചതിനെക്കാൾ വലിയ നഷ്‌ടമാണ് പാർട്ടിയുടെ മുസ്ളിം മുഖമായിരുന്ന ആസാദിന്റെ വിടവ് കോൺഗ്രസിൽ വരുത്തുക. രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹത്തിന് വീണ്ടും അവസരം നൽകാത്തതും ജമ്മുകാശ്‌മീർ ചുമതല നൽകി ഒതുക്കിയതും തിരിച്ചടിയായി. ഇതിനു പിന്നിൽ രാഹുലാണെന്നാണ് പക്ഷം.
1970ൽ കോൺഗ്രസിൽ ചേർന്ന ഗുലാംനബി 2005-2008 കാലത്ത് ജമ്മുകാശ്‌മീർ മുഖ്യമന്ത്രിയും 1982നും 2014നുമിടെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹറാവു, മൻമോഹൻസിംഗ് എന്നീ പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിയുമായിരുന്നു. ദീർഘനാൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്നു.
തീരുമാനമെടുക്കുന്നത്
ഗാർഡും പി.എയും
രാജി അറിയിച്ച് സോണിയാഗാന്ധിക്കെഴുതിയ കത്തിലാണ് രാഹുലിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയത്. മുതിർന്ന നേതാക്കളെ ഒതുക്കുകയും അനുഭവപരിചയമില്ലാത്തവരെ നേതൃനിരയിൽ കൊണ്ടുവരുകയും ചെയ്തു. രാഹുലിന്റെ റിമോട്ട് കൺട്രോൾ ഭരണമാണ് പാർട്ടിയിൽ. ഗാർഡുകളും പി.എമാരുമാണ് തീരുമാനമെടുക്കുന്നത്. 52 വർഷത്തെ ബന്ധം വിച്ഛേദിക്കുന്നത് വേദനയോടെ. സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ എ.ഐ.സി.സി ആസ്ഥാനത്തെ മേലാളൻമാർ നോമിനികളെ നിയമിക്കുന്നെന്നും വിമർശിച്ചു.
നേതൃത്വം വലിയ ബഹുമാനം നൽകിയ വ്യക്തി പാർട്ടിയെ ഒറ്റിക്കൊടുത്തു. ഗുലാം നബിയുടെ ഡി.എൻ.എ 'മോഡി'ഫൈഡ് (മോഡിവത്‌കരണം) ആയിരിക്കുന്നു.
- ജയ്‌റാം രമേശ്,
എ.ഐ.സി.സി ജനറൽ സെക്രട്ടറി