p

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. സൗജന്യം സംബന്ധിച്ച വിഷയം ഒരു വിദഗ്ദ്ധ സമിതി പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. ഇതിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി വ്യക്തമാക്കി.

മൂന്നംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങളും കോടതി രേഖപ്പെടുത്തി.

ഈ വിഷയത്തിൽ ജുഡിഷ്യൽ ഇടപെടൽ എത്രത്തോളമാകാം?

നടപ്പാക്കാവുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിക്ക് കഴിയുമോ?

തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾക്കെതിരെ ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. തിരഞ്ഞെടുപ്പിൽ സൗജന്യ വാഗ്ദാനം നൽകുന്നതിനെ കേന്ദ്ര സർക്കാർ എതിർത്തപ്പോൾ എ.എ.പി, കോൺഗ്രസ്, ഡി.എം.കെ എന്നീ പാർട്ടികൾ ഇവ ക്ഷേമ പദ്ധതികളാണെന്ന നിലപാടാണ് എടുത്തത്.

ജനാധിപത്യ രാജ്യങ്ങളിൽ പൂർണ അധികാരം വോട്ടർമാർക്കാണെന്നും പാർട്ടികളെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന സൗജന്യങ്ങൾ ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവർ നാളെ അധികാരത്തിൽ വന്നാൽ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സൗജന്യങ്ങൾ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നും അത് നിറുത്തണമെന്നും രാഷ്ട്രീയ പാർട്ടികൾ ഏകകണ്ഠമായി തീരുമാനിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലിന് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായ ഇന്നലെ ലൈവ് സ്ട്രീമിങ്ങായാണ് ഹർജി പരിഗണിച്ചത്.