
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നിഷേധിച്ച യു.പി സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2007ലെ ഗോരഖ്പൂർ കലാപവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലായിരുന്നു യു.പി മുഖ്യമന്ത്രിക്കെതിരായ ഹർജി. എന്നാൽ, 2014 ഒക്ടോബറിൽ സെൻട്രൽ ഫോറൻസിക് സയൻസ് ലാബോറട്ടറിയിലേക്ക് അയച്ച സി.ഡിയിലെ വീഡിയോ കൃത്രിമമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 2017ൽ യോഗി ആദിത്യനാഥിനെയും മറ്റ് നാല് ബി.ജെ.പി നേതാക്കളെയും പ്രോസിക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത്. അനുമതി നൽകേണ്ടതുമായി ബന്ധപ്പെട്ട നിയമപരമായ ചോദ്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ജസ്റ്റിസ് സി.ടി. രവികുമാർ വ്യക്തമാക്കി. തുടർന്ന് അദ്ദേഹം അപ്പീൽ നിരസിച്ചതായി അറിയിച്ചു.