medical

ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് യുദ്ധത്തെ തുടർന്ന് മടങ്ങിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരമൊരുക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സെപ്തം. 5നകം കേന്ദ്രം മറുപടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസയച്ചു. ദേശീയ മെഡിക്കൽ കൗൺസിലിനോടും നിലപാട് തേടി.

പ്രത്യേക അധികാരമുപയോഗിച്ച് ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കാൻ നിർദ്ദേശിക്കണമെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരോ ദേശീയ മെഡിക്കൽ കമ്മിഷനോ ഇടപെടുന്നില്ല. യുക്രെയിനിൽ പഠനം തുടരുന്നതിനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ രേഖാമൂലം വിശദീകരിച്ചിട്ടുണ്ട്. ഇത് ഒരു ദയാഹർജിയായി പരിഗണിക്കണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു.

എന്നാൽ, മടങ്ങിയെത്തിയ 20,000 ത്തോളം വിദ്യാർത്ഥികളെ എങ്ങനെയാണ് ഇവിടത്തെ കോളേജുകളിൽ പ്രവേശിപ്പിക്കാൻ കഴിയുകയെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ആരാഞ്ഞു. യുദ്ധം തുടരുമ്പോഴും യുക്രെയിനിൽ നിന്ന് മുഴുവൻ ജനങ്ങളും ഒഴിഞ്ഞു പോയിട്ടില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടി. മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാമെന്ന് യുക്രെയിൻ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലല്ലാതെ മറ്റെവിടെ

സംഘടന ഉണ്ടാകാൻ എന്ന് കോടതി

കേരളത്തിൽ മടങ്ങിയെത്തിയ വിദ്യാർത്ഥികൾ സംഘടനക്ക് രൂപം നൽകിയതിനെ പരാമർശിച്ച് സുപ്രീം കോടതി. ഓൾ കേരള യുക്രെയിൻ മെഡിക്കൽ സ്റ്റുഡൻസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ എന്ന സംഘടന കേരളത്തിലെ വിദ്യാർത്ഥികളുടേതാണോയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രംനാഥ് ചോദിച്ചു. കേരളത്തിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഹർജി നൽകിയതെന്ന് അഭിഭാഷകൻ ആർ. ബസന്ത് അറിയിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ സംഘടന രൂപീകരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ മറ്റ് ഏത് ഭാഗത്ത് നിന്നുള്ളവരാണ് സംഘടനയുണ്ടാക്കുകയെന്ന് ബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്ത പ്രതികരിച്ചു.