
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഗൂഢാലോചന നടത്തി ഇല്ലാതാക്കുന്ന സീരിയൽ കില്ലറാണ് ബി.ജെ.പിയെന്ന് ആം ആദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ഇതിനായി പണം വാഗ്ദാനം ചെയ്യുന്നത് കൂടാതെ ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ കൊണ്ട് റെയ്ഡും നടത്തിക്കും. അതേ തന്ത്രമാണ് ഡൽഹിയിലും ബി.ജെ.പി പയറ്റുന്നത്. എന്നാൽ, ആം ആദ്‌മി പാർട്ടിയുടെ ഒരു എം.എൽ.എയെ പോലും വലയിലാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കാൻ തിങ്കളാഴ്‌ച വിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ഡൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്ത് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
രാജ്യത്ത് സർക്കാരുകളെ ഇല്ലാതാക്കുന്ന ഒരു സീരിയൽ കില്ലറുണ്ട്. എല്ലാ സർക്കാരുകളെയും ഇല്ലാതാക്കിയത് ഒരേ രീതിയിലാണ്. നിരവധി സർക്കാരുകളെ ഇല്ലാതാക്കിയ ബി.ജെ.പിയുടെ കണ്ണ് ഇപ്പോൾ ഡൽഹിയിലാണ്.
അടുത്ത കാലത്ത് പ്രതിപക്ഷ സർക്കാരുകളെ താഴെയിറക്കാൻ ബി.ജെ.പി 277 എം.എൽ.എമാരെ വിലയ്ക്കെടുത്തു. ഇതിനായുള്ള ഓപ്പറേഷൻ താമരയ്‌ക്കായി അവർ
5,500 കോടി രൂപ ചെലവഴിച്ചു. 40 ആം ആദ്‌മി എം.എൽ.എമാർക്കായി 800 കോടി രൂപയാണ് നീക്കിവച്ചത്. എം.എൽ.എമാരെ വാങ്ങാൻ ബി.ജെ.പിക്ക് എവിടെ നിന്നാണ് പണം കിട്ടുന്നത്. വിലയേറിയ എണ്ണ, ഇന്ധനം, അവശ്യവസ്തുക്കൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന പണമാണിത്. ജി.എസ്.ടി, വിലക്കയറ്റം എന്നിവയിൽ നിന്നുള്ള ഈ പണമെല്ലാം എം.എൽ.എമാരെ വാങ്ങാനും കോടീശ്വരൻമാരായ സുഹൃത്തുക്കളുടെ വായ്‌പ എഴുതിത്തള്ളാനുമാണ് കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നതെന്നും കേജ്‌രിവാൾ പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ കേസും ആം ആദ്‌മി പാർട്ടി എം.എൽ.എമാർക്ക് കോഴവാഗ്‌ദാനം ചെയ‌്‌തെന്ന ആരോപണവും ചർച്ച ചെയ്യാൻ വിളിച്ചതാണ് പ്രത്യേക നിയമസഭാ സമ്മേളനം.
ബി.ജെ.പി അംഗം അജയ് മഹാവാർ സമ്മേളന നടപടികൾ മൊബൈലിൽ റെക്കാഡ് ചെയ്‌തതിനെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പത്ത് മിനിട്ട് നിറുത്തിവച്ച സഭ പിന്നീട് ചേർന്നപ്പോൾ എട്ട് ബി.ജെ.പി അംഗങ്ങളെ ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള ഒരു ദിവസത്തേക്ക് പുറത്താക്കി. തിങ്കളാഴ്‌ച സർക്കാർ വിശ്വാസപ്രമേയം കൊണ്ടുവരുന്നതിനാൽ സമ്മേളനം ഒരു ദിവസത്തേക്കു കൂടി നീട്ടി.