nv-remana

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്നലെ സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്തു. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടികളാണ് എൻ.ഐ.സി വെബ്കാസ്റ്റ് പോർട്ടലിലൂടെ തത്സമയം കാണിച്ചത്. ചീഫ് ജസ്റ്റിസ് രമണയുടെ അവസാന വിധി പ്രസ്താവങ്ങൾ സംപ്രേക്ഷണം ചെയ്ത് കൊണ്ടാണ് ലൈവ് സ്ട്രീമിംഗ് ആരംഭിച്ചത്.

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് വലിയ വെല്ലുവിളിയാണെന്നും ഇതിന് പരിഹാരം കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതുണ്ടെന്നും സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കപ്പെടാത്ത കാലത്തോളം ജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ആദരവ് നേടാൻ കഴിയില്ല. സാധാരണക്കാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനുള്ള പ്രക്രിയയിൽ ചർച്ചകളും സംവാദങ്ങളുമായി മുന്നോട്ട് പോകാം-ജസ്റ്റിസ് രമണ പറഞ്ഞു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ,സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ദൃഷ്യന്ത് ദേവെ, കപിൽ സിബൽ എന്നിവരും സംസാരിച്ചു.

 വിതുമ്പിക്കരഞ്ഞ് ദുഷ്യന്ത് ദവെ

ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിടവാങ്ങൽ ചടങ്ങിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വിതുമ്പിക്കരഞ്ഞു. എൻ.വി. രമണ രാജ്യത്തെ സാധാരണ പൗരന്റെ ജഡ്ജായിരുന്നുവെന്ന് ദവെ പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയും അദ്ദേഹം ഉയർത്തിപ്പിടിച്ചു. എൻ.വി. രമണ ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ദിവസം താൻ ഒരു മദ്ധ്യമത്തിൽ എല്ലാം നഷ്ടപ്പെട്ടെന്നാണ് എഴുതിയത്. കോടതികൾക്ക് എന്താണ് സംഭവിച്ചതെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ ഈ കോടതിയെ താങ്കൾ മുന്നോട്ട് നയിച്ചെന്ന് ഏറെ സന്തോഷത്തോടെ പറയാൻ കഴിയും. - ദവെ വ്യക്തമാക്കി.

അവസാന ദിവസം

സുപ്രധാന വിധികൾ

നിരവധി സുപ്രധാന വിധികൾ പറഞ്ഞാണ് ചീഫ് ജസ്റ്റിസ് രമണയുടെ പടിയിറക്കം. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശത്തിന്റെ പരിധിയിൽ, രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കാനുള്ള നിർദ്ദേശം, ലഖിം പൂർ ഖേരി കേസ്, ജമ്മു കാശ്മീരിലെ ഇന്റർനെറ്റ് നീക്കിയ വിധി, അരുണാചൽ പ്രദേശ് കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ടത് റദ്ദാക്കിയത്, പെഗസസ് കേസ് അന്വേഷണം, പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാവീഴ്ച്, ഇ.ഡിയുടെ അധികാരം ശരിവച്ച ഉത്തരവ് പുനഃപരിശോധിക്കുന്ന വിധി തുടങ്ങിയ സുപ്രധാന ഉത്തരവുകൾ.

ശബരിമലയിലെ ദേവപ്രശ്നവുമായി ബന്ധപ്പെട്ട ഹർജിയിൽ തിരുപ്പതി മോഡൽ ഭരണം ശബരിമലയിലും വേണമെന്ന നിർദ്ദേശം വച്ചിരുന്നു. ലാവ്‌ലിൻ കേസിലും 17 തവണ വാദം കേട്ടിരുന്നു. ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസിലും വാദം കേട്ടു. സിദ്ധിഖ് കാപ്പന് ഡൽഹിയിൽ ചികിത്സ നൽകാനുള്ള ഉത്തരവ് നൽകിയതും ചീഫ് ജസ്റ്റിസ് രമണയുടെ ഇടപെടലുണ്ടായ കേസുകളാണ്.