uucji-

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 49-ാമത് ചീഫ് ജസ്റ്റിസ് ആയി യു.യു ലളിത് ( 64)​ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 74 ദിവസം പദവിയിൽ തുടർന്ന ശേഷം നവംബർ 8 ന് വിരമിക്കും.

അഭിഭാഷകനായിരിക്കേ, നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ലളിത്. മുൻ ചീഫ് ജസ്റ്റിസ് എസ്.എം സിക്രിയാണ് ആദ്യത്തെയാൾ.

മഹാരാഷ്ടയിൽ 1957 നവംബർ 9 ന് ജനിച്ച ജസ്റ്റിസ് ലളിത് 1983 ൽ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. 1986 ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2004 ഏപ്രിലിൽ മുതിർന്ന അഭിഭാഷകനായി. 2 ജി കേസുകളിൽ സി.ബി.ഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. 2014 ആഗസ്റ്റ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്.