
ന്യൂഡൽഹി: നേതൃത്വത്തെ വിമർശിച്ച ജി-23 ഗ്രൂപ്പിൽ അംഗമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ മനീഷ് തിവാരി, ഗുലാം നബിക്കൊപ്പം കോൺഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം നിലനിൽക്കെ, പാർട്ടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി.
വാർഡ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ പോലും ശേഷിയില്ലാത്ത ചില നേതാക്കളുടെ പിടിയിലാണ് കോൺഗ്രസ്. ഇന്ത്യക്കും കോൺഗ്രസിനും മദ്ധ്യേ വിടവ് വന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പുകളിലെ തുടർച്ചയായ തോൽവികൾക്ക് ശേഷം ആത്മപരിശോധന നടത്താതിരുന്നത് വലിയ വീഴ്ചയായി. താനടക്കമുള്ള ജി-23 നേതാക്കൾ ചൂണ്ടിക്കാട്ടിയ പരിഷ്കാരങ്ങൾ പാർട്ടിയിൽ വരുത്തിയിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദശകങ്ങൾ പാർട്ടിക്കുവേണ്ടി ത്യാഗമനുഭവിച്ച നേതാക്കൾക്ക് പ്യൂൺമാർ വഴി ധർമ്മോപദേശം നൽകുന്ന വിചിത്ര സാഹചര്യമാണ് കോൺഗ്രസിൽ. ഉപദേശകർക്കാവട്ടെ വാർഡ് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ജനപിന്തുണ പോലുമില്ല. 42 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന തനിക്ക് കോൺഗ്രസുകാരനാണെന്ന സർട്ടിഫിക്കറ്റ് ആരും തരേണ്ടതില്ല. തങ്ങൾ പാർട്ടിയിലെ കുടികിടപ്പുകാരുമല്ല. പുറത്താക്കാൻ ശ്രമിച്ചാൽ അതു വേറെ രീതിയിൽ കാണണം. ഗുലാം നബി ആസാദ് കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളുടെ തെറ്റും ശരിയും വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതു വിശദീകരിക്കേണ്ടത് അദ്ദേഹം തന്നെയാണ്.
പാർട്ടിയുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് വർഷം മുമ്പ് ഞങ്ങൾ 23 പേർ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ആ കത്തയച്ച ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടെന്നും പഞ്ചാബിലെ അനന്ത്പൂർ സാഹിബ് മണ്ഡലത്തിലെ എം.പിയായ മനീഷ് തിവാരി ചൂണ്ടിക്കാട്ടി.