
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയക്രമം അംഗീകരിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണ്ണായക യോഗം ഇന്ന് വൈകിട്ട് 3.30ന് ചേരും. മുൻകൂട്ടി നിശ്‌ചയിച്ച അജൻഡ ഇതാണെങ്കിലും മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിയും യോഗത്തിൽ ചർച്ചയായേക്കും. അദ്ധ്യക്ഷ സോണിയ ഗാന്ധി, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിദേശത്തായതിനാൽ ഒാൺലൈനിലാണ് യോഗം.
കോൺഗ്രസ് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമയക്രമം നിശ്‌ചയിക്കാനുള്ള ചർച്ച മാത്രമാണ് യോഗത്തിന്റെ ഏക അജൻഡയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അറിയിച്ചു.
പ്രവർത്തക സമിതി അംഗമായിരുന്ന ഗുലാം നബി ആസാദ് രാജിവച്ച വിഷയവും ചർച്ച ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്ന് മറ്റൊരു നേതാവ് പറഞ്ഞു. സോണിയ, രാഹുൽ എന്നിവർക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചേക്കും. ഗുലാം നബിയുമായി അടുപ്പമുള്ള ആനന്ദ് ശർമ്മയും പ്രവർത്തക സമിതി അംഗമാണ്. ശനിയാഴ്ച ആനന്ദ്ശർമ്മ ഗുലാം നബിയെ ഡൽഹിയിൽ കണ്ടിരുന്നു.
അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം, നാമനിർദ്ദേശ നൽകൽ, പിൻവലിക്കൽ, തിരഞ്ഞെടുപ്പ്, അന്തിമ ഫലപ്രഖ്യാപനം എന്നിവയ്‌ക്കുള്ള തീയതി യോഗത്തിൽ തീരുമാനിക്കും.
കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചട്ടപ്രകാരം ഷെഡ്യൂൾ അന്തിമമാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം 25-30 ദിവസം വേണ്ടിവരും.
സെപ്‌തംബർ 20ന് മുമ്പ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു മുൻ നിശ്‌ചയം. എന്നാൽ, സെപ്‌തംബർ 7 മുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര
നടക്കുന്നതും ചില സംസ്ഥാനങ്ങളിൽ അംഗത്വ വിതരണം വൈകിയതും കണക്കിലെടുത്ത് തീയതി നീട്ടിയേക്കും.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാം തവണയും പരാജയം ഏറ്റുവാങ്ങിയതോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവയ്ക്കുകയും സോണിയ ഇടക്കാല അദ്ധ്യക്ഷയായി ചുമതലയേൽക്കുകയുമായിരുന്നു. രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവർത്തക സമിതി യോഗത്തിൽ ആവശ്യമുയർന്നേക്കും.