
ന്യൂഡൽഹി: അടുത്ത മാസം ഒന്നിന് തുടങ്ങുന്ന നീറ്റ് പി.ജി കൗൺസലിംഗിൽ ഇടപെടില്ലെന്നും അത് നടക്കട്ടെയെന്നും സുപ്രീം കോടതി. കൊവിഡുമൂലം നിരവധി തടസങ്ങളുണ്ടായെന്നും കൗൺസലിംഗിൽ ഇടപെട്ട് ഇനിയും വിദ്യാർത്ഥികളെ അപകടത്തിലാക്കില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇനിയും അത് മുടങ്ങരുതെന്നും വിദ്യാർത്ഥികളെ ഭീതിയിലാക്കാൻ ഞങ്ങൾക്കാകില്ലെന്നും പറഞ്ഞു. കൗൺസലിംഗ് ഒന്നിന് തുടങ്ങുമെന്നും കേസ് അതിനുമുമ്പ് പരിഗണിക്കണമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ പരാമർശം.
നീറ്റ് പി.ജി 2022ന്റെ ഉത്തര സൂചികയും ചോദ്യപേപ്പറും പുറത്തുവിടാത്ത നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസിന്റെ തീരുമാനം ചോദ്യം ചെയ്ത് ചില ഡോക്ടർമാരാണ് ഹർജി നൽകിയത്.