
ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), ക്രിമിനൽ പ്രൊസീജ്യർ കോഡ് (സി.ആർ.പി.സി), എവിഡൻസ് ആക്ട് തുടങ്ങിയ നിയമങ്ങൾ ഇന്ത്യൻ വീക്ഷണകോണിൽ പുനർനിർമ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആരും ഈ നിയമങ്ങളെ ഇന്ത്യൻ വീക്ഷണത്തിൽ വിലയിരുത്തിയിട്ടില്ല. കേന്ദ്ര സർക്കാർ ഇതിനായി വിവിധ മേഖലകളിലുള്ള വരുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. ശിക്ഷാ നിരക്ക് വികസിത രാജ്യങ്ങളെക്കാൾ ഉയർത്താനും നീതിന്യായ വ്യവസ്ഥയുമായി ഫോറൻസിക് സയൻസിലധിഷ്ഠിതമായ അന്വേഷണത്തെ ബന്ധിപ്പിക്കാനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതായി അമിത് ഷാ അറിയിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ഫോറൻസിക് മൊബൈൽ ഇൻവെസ്റ്റിഗേഷൻ സൗകര്യമൊരുക്കും. ഇത് നടപ്പിലാകുമ്പോൾ രാജ്യത്ത് എത്രമാത്രം ഫോറൻസിക് സയൻസ് ബിരുദധാരികളെ ആവശ്യമായി വരുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലും സമീപ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്താൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പൊലീസ് കുറ്റപത്രം സമർപ്പിക്കേണ്ടത് നിയമപരമായ പരിശോധനകൾക്ക് ശേഷമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതിനായി കൂടുതൽ പ്രൊഫഷണലായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജി - 20 ഉച്ചകോടിക്ക്
സുരക്ഷാ ക്രമീകരണം
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി -20 ഉച്ചകോടിയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരങ്ങളെ കുറിച്ച് ഡൽഹിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി അമിത് ഷാ ചർച്ച നടത്തി. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പഠിക്കാൻ ജി - 20 വിജയകരമായി സംഘടിപ്പിച്ച രാജ്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സംഘം സന്ദർശിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഫോറൻസിക് പരിശോധന
നിർബ്ബന്ധമാക്കി ഡൽഹി പൊലീസ്
ആറ് വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന എല്ലാ കുറ്റകൃത്യങ്ങളിലും ഫോറൻസിക് അന്വേഷണം നിർബ്ബന്ധമാക്കി ഡൽഹി പൊലീസ്. ഇത്തരം കേസുകളിൽ ഫോറൻസിക് അന്വേഷണം നിർബന്ധിതവും നിയമപരവുമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം പുറത്തു വന്ന് മണിക്കുറുകൾക്കകമാണ് ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറ ഉത്തരവ് പുറത്തിറക്കിയത്. ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥികളുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു അമിത് ഷായുടെ നിർദ്ദേശം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ ഡൽഹി പൊലീസ് ആസ്ഥാനം സന്ദർശിച്ചു. അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.