
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ള നേതാവിനെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് ഉറപ്പതായതോടെ വോട്ടർ പട്ടിക പുറത്തുവിടണമെന്ന ആവശ്യവുമായി ജി- 23 വിമത വിഭാഗം രംഗത്തുവന്നു. ഹൈക്കമാൻഡ് സ്ഥാനാർത്ഥിക്കെതിരെ ഇവർ ശശി തരൂരിനെ മത്സരിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ആവശ്യം ഉയർന്നത്.
വോട്ടർമാരെ അറിയാതെ സ്ഥാനാർത്ഥി എങ്ങനെ മത്സരിക്കുമെന്നാണ് വിമത വിഭാഗം ചോദിക്കുന്നത്. ഓരോ സംസ്ഥാനത്തെയും വോട്ടർമാരുടെ പട്ടിക അതത് പി.സി.സികൾക്ക് വോട്ടെടുപ്പിന് തൊട്ടു മുൻപ് കൈമാറുന്നതാണ് കോൺഗ്രസിലെ രീതി. നീതിപൂർവമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെങ്കിൽ വോട്ടർ പട്ടിക പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് ജി-23 നേതാവ് മനീഷ് തിവാരി എം.പി ആവശ്യപ്പെട്ടു. വോട്ടർപട്ടിക പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്ന് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞതിന് പിന്നാലെയാണ് തിവാരി ആവശ്യം ഉന്നയിച്ചത്. പിന്നാലെ, പട്ടിക പ്രസിദ്ധപ്പെടുത്താനാകില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വ്യക്തമാക്കി.
പി.സി.സി ഓഫീസുകളിൽ പട്ടിക പരിശോധിക്കാമെന്ന മിസ്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ തിവാരി,വോട്ടർപട്ടികയില്ലാതെ എങ്ങനെ നീതിപൂർവകവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്ന് ചോദിച്ചു. തിരഞ്ഞെടുത്ത 9000ത്തോളം പ്രതിനിധികളാണ് ഒക്‌ടോബർ 17ന് അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടത്. ഇവരുടെ പട്ടിക പരസ്യപ്പെടുത്തുന്ന പതിവ് കോൺഗ്രസിലില്ല. പരസ്യമാക്കിയാൽ രാഷ്‌ട്രീയ എതിരാളികൾ വോട്ടർമാരെ സ്വാധീനിച്ച് അവരുടെ നോമിനിയെ വിജയിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പാർട്ടിയുടെ ന്യായം.
സോണിയാ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിച്ചപ്പോഴും അതിനുമുൻപ് സീതാറാം കേസരിക്കെതിരെ ശരത് പവാറും രാജേഷ് പൈലറ്റും മത്സരിച്ചപ്പോഴും വോട്ടർ പട്ടിക പരസ്യമാക്കണമെന്ന ആവശ്യമുയർന്നെങ്കിലും അംഗീകരിച്ചില്ല.
പാർട്ടിക്ക് നല്ലത് മത്സരം: തരൂർ
കോൺഗ്രസിൽ മാറ്റമുണ്ടായാൽ നേതാക്കളുടെ വിട്ടുപോക്ക് അവസാനിക്കുമെന്ന് പറഞ്ഞുകൊണ്ട് ശശി തരൂർ എം.പി
പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ ന്യായീകരിച്ചു. സ്ഥാനാർത്ഥിയാവണോയെന്ന് കാര്യങ്ങൾ വിലയിരുത്തിയും പ്രവർത്തകരുമായി ചർച്ച ചെയ്തും തീരുമാനിക്കും.
ഹിന്ദിമേഖലയിൽ നിന്നു നേതാവ് വേണമെന്ന അഭിപ്രായം മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഹിന്ദിയിലായിരുന്നു മറുപടി. എവിടെ നിന്നായാലും തിരഞ്ഞെടുപ്പ് വഴി വരട്ടെയെന്നും ഭാരതീയൻ എന്നതാണ് പ്രധാനമെന്നും തരൂർ വ്യക്തമാക്കി.
വ്യക്തിയല്ല കോൺഗ്രസ്. പാർട്ടിക്കകത്ത് ചിലമാറ്റങ്ങൾ വേണം. മത്സരം നടന്നാൽ പാർട്ടിയിൽ ജനാധിപത്യമുണ്ടെന്ന സന്ദേശം നൽകാൻ കഴിയും.
കുടുംബത്തിൽ നിന്നായാലും പുറത്തുനിന്നായാലും ജനാധിപത്യ രീതിയിൽ തീരുമാനിക്കട്ടെ. തിരഞ്ഞെടുപ്പ് നല്ലകാര്യമാണ്. സെപ്‌തംബർ 22നാണ് വിജ്ഞാപനം. തീരുമാനമെടുക്കാൻ മൂന്നാഴ്‌ച സമയമുണ്ട്. സംഘടനയിൽ പ്രവർത്തിച്ച് പാർട്ടിയെ നന്നാക്കാനാണ് ശ്രമം.
'അദ്ധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസുകാരായ ആർക്കും മത്സരിക്കാം. വോട്ടർ പട്ടിക പരസ്യപ്പെടുത്താനാവില്ല. പി.സി.സികളെ സമീപിച്ചാൽ ലഭ്യമാകും. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്".
- കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞത്