chicken

കോലഞ്ചേരി: വിലക്കയറ്റം കൊണ്ട് നാടാകെ പൊറുതിമുട്ടുമ്പോൾ ആശ്വാസം പകർന്ന് കോഴിവില കുറയുന്നു. മൂന്നാഴ്ച മുമ്പ് കുറഞ്ഞ വില വീണ്ടും കൂടിയശേഷം ഇപ്പോൾ വിപണി വില കുത്തനെ കുറയുകയാണ്. തൂവലോടു കൂടി കിലോഗ്രാമിന് 80- 85 രൂപയാണ്. ഇറച്ചി മാത്രമാണെങ്കിൽ 120- 130 ആണ് വില. രണ്ടാഴ്ച മുമ്പ് വരെ 100 രൂപയ്ക്കു മുകളിലായിരുന്നു.

വില കുറച്ചു കാലം കൂടി ഇതേ രീതിയിൽ തുടരാനാണ് സാദ്ധ്യതയെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. എന്നാൽ, ഓണത്തിനു വൻ തോതിൽ വില കൂട്ടാനുള്ള തമിഴ്‌നാട് ലോബിയുടെ ഗൂഡ നീക്കമാണ് ഇപ്പോഴത്തെ വിലക്കുറവിനു പിന്നിലെന്നാണ് വ്യാപാരികളുടെ പക്ഷം.

ജില്ലയിൽ കോഴി വില്പനയിൽ വലിയ കുറവുണ്ടായിട്ടില്ല. ബലി പെരുന്നാൾ കഴിഞ്ഞ് ഒരാഴ്ച വില്പന കുറഞ്ഞിരുന്നു. ഇതേ സമയത്തു തന്നെയാണു വില താഴ്ന്നു തുടങ്ങിയത് പിന്നീട് വില്പന കൂടിയെങ്കിലും വില കൂടിയില്ല. ആവശ്യത്തിനു കോഴി വിപണിയിൽ ലഭ്യമായതും വിലക്കുറവിലേക്ക് വഴിവച്ചു. തമിഴ്‌നാട്ടിൽ ആടി മാസത്തിന്റെ പ്രാധാന്യത്തിൽ പൊതുവെ വില്പന കുറവാണ്. കോഴി ഉത്പാദനം കുറഞ്ഞെങ്കിലും വില്പന ഇടിഞ്ഞതിനാൽ കേരളത്തിലേക്കുള്ള വരവ് ചെറിയ തോതിലെങ്കിലും വർദ്ധിച്ചിട്ടുണ്ട്.

ആഭ്യന്തര ഉത്പാദനം

പ്രതിസന്ധിയിലാവും

നിലവിലെ രീതിയിൽ വില തുടർന്നാൽ കേരളത്തിലെ ഫാമുകൾ തത്കാലത്തേക്കു പ്രവർത്തനം നിർത്തേണ്ടി വരുമെന്നാണ് ഉടമകൾ പറയുന്നത്. ഇതോടെ, ആഭ്യന്തര ഉത്പാദനം ഇടിഞ്ഞ് പൂർണ്ണമായി തമിഴ്‌നാട്ടിൽ നിന്നുള്ള വരവിനെ ആശ്രയിക്കേണ്ടിവരും. ഇതോടെ വില നിർണയം പൂർണമായി അവരുടെ നിയന്ത്രണത്തിലുമാ കും. കൊവിഡ് പ്രതിസന്ധിക്കു ശേഷം ജില്ലയിലെ കോഴി ഫാമുകളിൽ നല്ലൊരു ഭാഗം പൂട്ടിയിരുന്നു. ഏകദേശം
20000 ഫാമുകളാണ് നിലവിലുള്ളത്. ഇവയിൽ നിന്നുള്ള ഉത്പാദനം വർദ്ധിച്ചതും വില കുറയാൻ കാരണമായി. കോഴി വില കുറഞ്ഞതോടെ കോഴി ഫാം ഉടമകൾക്കു പറയാനുള്ളതു നഷ്ടത്തിന്റെ കണക്ക് മാത്രമാണ്. ഒരു കിലോ 63 രൂപയ്ക്കു വരെയാണ് ഫാമിൽ വില. കോഴികളെ വളർത്തുന്നതിനു കിലോയ്ക്ക് 80 രൂപയ്ക്കു മുകളിൽ ചെലവു വരും. കോഴിത്തീ​റ്റയുടെ വില വൻതോതിൽ വർദ്ധിച്ചതാണു നേരത്തേ പല ഫാമുകളും പൂട്ടാൻ കാരണമായത്. വില നേരിയ തോതിൽ കുറഞ്ഞെങ്കിലും ചെലവിൽ വലിയ മാ​റ്റമില്ല.