
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികദിനത്തിൽ ഉയരുക കുടുംബശ്രീയുടെ 50 ലക്ഷം ത്രിവർണ പതാകകൾ. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ഹർ ഘർ തിരംഗ' പദ്ധതി പ്രകാരം വീടുകളിലടക്കം ഉയർത്താനാണിത്. 28 ലക്ഷം പതാകകളുടെ ഓർഡർ ലഭിച്ചു കഴിഞ്ഞു. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 13മുതൽ 15വരെയാണ് ദേശീയപതാക ഉയർത്തുന്നത്.
കുടുംബശ്രീയുടെ 500 തയ്യൽ യൂണിറ്റുകളിലെ മൂവായിരത്തോളം അംഗങ്ങളാണ് നിർമ്മിക്കുന്നത്. ഈ മാസം എട്ടിനകം സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും എത്തിക്കും. ആദരിക്കുന്നതിനൊപ്പം പൗരന്മാർക്ക് ദേശീയപതാകയോട് വൈകാരികബന്ധം വളർത്തുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനുമാണ് ഹർ ഘർ തിരംഗ പദ്ധതി പ്രഖ്യാപിച്ചത്.
വ്യത്യസ്ക അളവുകൾ
നിലവിൽ 36 X 24, 30 X 24 ഇഞ്ച് അളവുകളിലാണ് പതാകകൾ നിർമ്മിക്കുന്നത്.നാഷണൽ ഫ്ലാഗ് കോഡ് പ്രകാരം 3:2 അനുപാതം പാലിച്ച് മറ്റു വ്യത്യസ്ത അളവുകളിൽ നിർമ്മിക്കാനും തയ്യാറാണ്.
20മുതൽ 120രൂപ വരെയാണ് വില. പോളിസ്റ്റർ മിക്‌സ് ഉപയോഗിച്ചുള്ളവയ്ക്ക് 20-30 രൂപയും കോട്ടൺ പതാകയ്ക്ക് 25 - 40 രൂപയുമാണ് വില. വലിപ്പത്തിനനുസരിച്ചാണ് വിലവ്യത്യാസം.
ആവശ്യമായ പതാകകളുയുടെ എണ്ണം സ്‌കൂൾ അധികൃതരും വിദ്യാർത്ഥികൾ ഇല്ലാത്ത വീടുകളിലേക്കുവേണ്ടത് തദ്ദേശസ്ഥാപനങ്ങൾ മുഖേനയും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർക്ക് കൈമാറും. 45ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തുണ്ടെന്ന് ഉറപ്പുവരുത്താൻ സി.ഡി.എസുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.