കൊച്ചി: ഹൈക്കോടതിയുടെ കോമ്പൗണ്ടിലെ പഴയ അഡ്വക്കേറ്റ് ജനറൽ ഓഫീസ് ചോർന്നൊലിക്കുന്നു. മഴ കനത്തതൊടെ കെട്ടിടത്തിലെ റവന്യൂ, വനം വകുപ്പുകളുടെ ലെയ്‌സൺ ഓഫീസുകളിലുള്ള ജീവനക്കാർ ദുരിതത്തിലായി. കെട്ടിടം പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പ് നേരത്തെ റിപ്പോർട്ട് നൽകിയതാണെങ്കിലും ഇവിടുത്തെ ഓഫീസുകൾ മറ്റൊരിടത്തേക്ക് മാറ്റാനാവാതെ വന്നതോടെ തുടർനടപടിയുണ്ടായില്ല. ഇന്നലത്തെ മഴയിൽ കെട്ടിടത്തിനകത്ത് വെള്ളം കയറിയതോടെ ദുരിതത്തിലായത് ഇരുപതോളം വരുന്ന ജീവനക്കാരാണ്.
കെട്ടിടം ചോർന്നൊലിക്കുന്നത് ചൂണ്ടിക്കാട്ടി ജീവനക്കാർ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. റവന്യൂ, വനം ലെയ്‌സൺ ഓഫീസുകൾക്കുപുറമേ വനംവകുപ്പിലെ ഗവ. പ്ളീഡർമാരുടെ ഓഫീസും ഇതിനുള്ളിലുണ്ട്. കെട്ടിടം ശോച്യാവസ്ഥയിലായതോടെ ഓഫീസുകൾ മറ്റൊരിടത്തേക്ക് മാറ്റാൻ ഇടക്കാലത്ത് തീരുമാനിച്ചിരുന്നു. എന്നാൽ വാടക കൂടുതലാണെന്ന കാരണത്താൽ സർക്കാർ അനുമതി നിഷേധിച്ചു. കെട്ടിടം ചോർന്നൊലിക്കുന്നതിനാൽ കമ്പ്യൂട്ടർ, പ്രിന്റർ തുടങ്ങിയ ഉപകരണങ്ങളും മറ്റു ഫർണിച്ചറും നശിക്കാൻ ഇടയുണ്ടെന്നും ജീവനക്കാർ പറയുന്നു.