
കൊച്ചി: കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങളുടെ തുടക്കമെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തിയതാണ് കളമശേരി ബസ് കത്തിക്കൽ കേസ്. കുറ്റം സമ്മതിച്ച മൂന്നുപേർക്കാണ് ശിക്ഷവിധിച്ചത്. ലോക്കൽ പൊലീസ് മുതൽ എൻ.ഐ.എവരെ അന്വേഷിച്ച കേസിൽ വിചാരണ ഇനിയും ബാക്കിയാണ്.
ഓട്ടത്തിനിടെ സർക്കാർ ബസ് തോക്കുചൂണ്ടി തട്ടിയെടുത്ത് കത്തിച്ചത് പൊലീസിനെ ഉൾപ്പെടെ ഞെട്ടിച്ച സംഭവമാണ്. 2005 സെപ്തംബർ 9നായിരുന്നു സംഭവം. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ടി.എൻ. 1 എൻ. 6725 നമ്പർ ബസാണ് കത്തിച്ചത്. രാത്രി 8.30ന് സേലത്തേയ്ക്ക് പുറപ്പെട്ട ബസിൽ യാത്രക്കാരെന്ന മട്ടിൽ കയറിയ തടിയന്റവിട നസീർ ഡ്രൈവറെ തോക്കുചൂണ്ടി തങ്ങൾ പറയുന്നിടത്തേയ്ക്ക് ബസ് ഓടിക്കാൻ ആവശ്യപ്പെട്ടു. യാത്രക്കാരെ പുറത്തിറക്കി എച്ച്.എം.ടിയുടെ വിജനമായ പറമ്പിലെത്തിച്ചാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്.
തീവ്രവാദക്കേസുകളിലും പ്രതികൾ
കളമശേരി പൊലീസ് ആരംഭിച്ച അന്വേഷണം എൻ.ഐ.എയാണ് പൂർത്തിയാക്കിയത്. രാജ്യദ്രോഹം, തീവ്രവാദപ്രവർത്തനം എന്നിവ ചുമത്തിയാണ് എൻ.ഐ.എ കേസന്വേഷിച്ചത്. സംഘടനയുടെ പേരിലല്ലെങ്കിലും ബസ് കത്തിക്കൽ തീവ്രവാദപ്രവർത്തനമെന്നാണ് കേന്ദ്ര ഏജൻസികൾ വിലയിരുത്തിയത്.
കേസിൽ പ്രതിയായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുൾ റഹിം കശ്മീരിൽ തീവ്രവാദ പ്രവർത്തനത്തിനിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ദേശീയതലത്തിൽ കേസ് ശ്രദ്ധിക്കപ്പെടാനും കാരണമായി. കേസിലെ പ്രതികളിൽ പലരും ബംഗളൂരു സ്ഫോടനം ഉൾപ്പെടെ തീവ്രവാദ കേസുകളിൽ പിന്നീട് പ്രതികളായി.
മഅ്ദനിക്ക് വേണ്ടി
പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയെ തമിഴ്നാട് സർക്കാർ അറസ്റ്റുചെയ്ത് കോയമ്പത്തൂർ ജയിലിൽ അടച്ചതിന്റെ പ്രതികാരമായാണ് ബസ് തട്ടിയെടുത്ത് കത്തിച്ചത്. ഗൂഢാലോചനയിൽ പങ്ക് ആരോപിച്ച് മഅ്ദനിയുടെ ഭാര്യ സൂഫിയയെ പത്താം പ്രതിയുമാക്കി.