മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ രാജുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. യു.ഡി.എഫ് അംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനെതിരെ കോൺഗ്രസ് അംഗം പ്രമീള ഗിരീഷ് കുമാറാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
പ്രമീള ഗിരീഷ് കുമാർ അവതരിപ്പിച്ച അവിശ്വാസ പ്രമേയം സി.പി.എം അംഗമായ നെജില ഷാജി, സി.പി.ഐ അംഗമായ മീരാ കൃഷ്ണൻ എന്നിവർ പിന്തുണച്ചതോടെ എതിരില്ലാത്ത മൂന്ന് വോട്ടുകൾക്ക് പാസാകുകയായിരുന്നു. രാജശ്രീ രാജുവും കോൺഗ്രസിലെ മറ്റൊരു കൗൺസിലർ ബിന്ദു ജയനും പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു.
ബി.ജെ.പി പിന്തുണയോടെ വിജയിച്ച രാജശ്രീ രാജുവിനെ ഉപസമിതി ചെയർപേഴ്സണാക്കാൻ യു.ഡി.എഫ് തീരുമാനിച്ചതുമുതലാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് മുതൽ പ്രമീള പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്നും പ്രമീള വിട്ടുനിന്നു. തുടർന്ന് ഇരുമുന്നണികൾക്കും തുല്യ വോട്ട് ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് രാജശ്രീ രാജു ചെയർപേഴ്സണായത്. പിന്നീട് അങ്ങോട്ട് പ്രമീളയുമായി സമവായത്തിലെത്താൻ യു.ഡി.എഫ് നേതൃത്വത്തിന് സാധിച്ചില്ല. ബി.ജെ.പി ബന്ധമുള്ളയാൾക്ക് പിന്തുണനൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരകാര്യ ജോയിന്റ് ഡയറക്ടർക്ക് പ്രമീള അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. തുടർന്ന് ഇന്നലെ പ്രമേയം ചർച്ചയ്ക്കെടുക്കുകയായിരുന്നു. ഉപസമിതി അംഗങ്ങളായ പ്രമീള അടക്കം മൂന്ന് യു.ഡി.എഫ് അംഗങ്ങൾക്കും പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നേതൃത്വം വീപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ച് പൊലീസ് സംരക്ഷണയിലാണ് പ്രമീള രാവിലെ കൗൺസിൽ ഹാളിലെത്തിയത്. പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി യു.ഡി.എഫ്- എൽ.ഡി.എഫ് അംഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന് പിന്നാലെ ഇടഞ്ഞുനിന്ന വനിതാ കൗൺസിലറുമായി യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വങ്ങൾ പലവട്ടം ചർച്ചനടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.