കോലഞ്ചേരി: മഴുവന്നൂരിൽ തട്ടാമുഗൾ കനാൽബണ്ട് ബൈപ്പാസ് റോഡിൽ കല്ലിടാക്കുഴി പീടികയ്ക്ക് സമീപം നിരന്തരം ഉണ്ടാകുന്ന വാഹന അപകടങ്ങൾക്ക് പരിഹാരമായി നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിന് ഇരുവശവുമുള്ള മുൾക്കാടുകൾ വെട്ടിത്തെളിച്ച് സൂചനാബോർഡുകൾ സ്ഥാപിച്ചു. റോഡ് വീതികൂട്ടി നവീകരിച്ചതിനുശേഷം നിരന്തരം വാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായപ്പോഴാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. അമിതവേഗവും അപകടത്തിന് കാരണമാകുന്നുണ്ട്. റോഡിനിരുവശവും കാടുവളർന്നതോടെ എതിരെവരുന്ന വാഹനങ്ങളെ കാണാൻകഴിയാതെ വരുന്നതാണ് അപകടം വർദ്ധിക്കാൻ കാരണം.