
കൊച്ചി: നിർമ്മാണം പൂർത്തിയാക്കിയ റോഡുകൾ ആറുമാസത്തിനകം തകർന്നാൽ എൻജിനിയർക്കും കരാറുകാരനുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്ന് സർക്കാർ ഹൈക്കോടതിയേ അറിയിച്ചു.നിർമ്മാണം പൂർത്തിയാക്കി ഒരുവർഷത്തിനകം റോഡുതകർന്നാൽ ആഭ്യന്തരതലത്തിൽ അന്വേഷണം നടത്താനും സർക്കുലറിൽ നിർദ്ദേശമുണ്ടാകും.സംസ്ഥാനത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ സബർബൻ ട്രാവൽസ് ഉടമ സി.പി.അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം വിശദീകരിച്ചത്.പണി പൂർത്തിയാക്കി ആറുമാസത്തിനകം റോഡുതകർന്നാൽ വിജിലൻസ് അന്വേഷണത്തിന് നടപടി വേണമെന്ന് ജൂലായ് 19ന് ഹർജികൾ പരിഗണിക്കവെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജികൾ ആഗസ്റ്റ് 12ലേക്ക് മാറ്റി.