കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആഘോഷിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലാ ആസ്ഥാനമായ കാക്കനാട്ടാണ് പ്രധാന ആഘോഷങ്ങൾ. 700 പേർക്ക് ഇരിക്കാനുള്ള പന്തൽ ഇതിനായി ഒരുക്കും.

സർക്കാർ ഓഫീസുകൾക്കു പുറമേ മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്താൻ നിർദ്ദേശം നൽകി. ആവശ്യമായ പതാകകൾ ഒരുക്കുന്ന ചുമതല കുടുംബശ്രീക്കാണ്. സ്‌കൂൾ കുട്ടികൾ വഴിയാണ് വിതരണം ചെയ്യുക. സ്‌കൂൾ വിദ്യാർത്ഥികൾ ഇല്ലാത്ത വീടുകളിൽ തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും.

സ്വാതന്ത്ര്യദിന പരേഡിൽ പൊലീസ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ഗൈഡ് എന്നിവയ്ക്കുപുറമേ അഗ്‌നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വാളന്റിയർമാർക്കും അവസരമുണ്ടാകും. 10, 11, 12 തീയതികളിലാണ് പരേഡിൽ പങ്കെടുക്കുന്നവർക്കുള്ള പരിശീലനം.

പരേഡിൽ പങ്കെടുക്കുന്ന പ്ലാറ്റ്യൂണുകളിൽ നിന്ന് ഓരോ വിഭാഗത്തിലും മികച്ചവർക്ക് സമ്മാനങ്ങൾ നൽകും. സ്‌കൂളുകളുടെ ബാൻഡ് സംഘങ്ങളെയും പരേഡിൽ ഉൾപ്പെടുത്തും. ദേശീയഭക്തി ഗാനാലാപനം ഉൾപ്പെടെ പരിപാടികളും പരേഡിനോട് അനുബന്ധിച്ചു നടത്തും.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഹാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി.